സിപിഐ ജില്ലാ സമ്മേളനം എട്ടുമുതല്‍ വൈക്കത്ത്
1581305
Monday, August 4, 2025 11:24 PM IST
കോട്ടയം: സിപിഐ ജില്ലാ സമ്മേളനം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക സെക്രട്ടറി പി. കൃഷ്ണപിള്ളയുടെ നാടായ വൈക്കത്ത് എട്ടു മുതല്‍ 10 വരെ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി പതാക, കൊടിമര ജാഥകള്‍, റെഡ് വോളണ്ടിയര്‍ മാര്‍ച്ച്, പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, കലാപരിപാടികള്‍ എന്നിവയുണ്ടാകും.
എട്ടിനു വൈകുന്നേരം മൂന്നിന് വൈക്കം വലിയ കവലയില്‍നിന്നും ബോട്ടുജെട്ടി മൈതാനത്തേക്ക് റെഡ് വോളണ്ടിയര്‍ മാര്‍ച്ച് നടക്കും. പതാക, കൊടിമര ജാഥകള്‍ മൈതാനത്ത് സംഗമിക്കും. തുടര്‍ന്നു സംഘാടക സമിതി പ്രസിഡന്റ് ജോണ്‍ വി. ജോസഫ് പതാക ഉയര്‍ത്തും. പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജന് മുഖ്യപ്രഭാഷണം നടത്തും. പി. വസന്തം, ആര്. രാജേന്ദ്രന്, കെ.കെ. അഷ്റഫ് എന്നിവര്‍ പ്രസംഗിക്കും.
ഒമ്പതിനു രാവിലെ 10ന് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ചേരുന്ന പ്രതിനിധി സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം പി. സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30നു ജന്മ ശതാബ്ദി സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. 10നും പ്രതിനിധി സമ്മേളനം തുടരും.
വൈകുന്നേരം പുതിയ ജില്ലാ കൗണ്‍സിലിനെയും ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി വി.ബി. ബിനു, ജോണ്‍ വി. ജോസഫ്, എം.ഡി. ബാബുരാജ്, ഹേമലത പ്രേംസാഗര്‍ എന്നിവര്‍ പങ്കെടുത്തു.
സിപിഐയ്ക്ക് ജില്ലയില്‍ മുന്നേറ്റം:
വി.ബി. ബിനു
കോട്ടയം: മൂന്നു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ സിപിഐയ്ക്ക് അഭിമാനകരമായ വളര്‍ച്ചയുണ്ടായതായും തൊഴില്‍, കാര്‍ഷിക മേഖലകളിലെ പ്രശ്നങ്ങളില്‍ ഇടപെടാനായെന്നും ജില്ലാ സെക്രട്ടറി വി.ബി. ബിനു പത്രസമ്മേളനത്തില്‍ പറഞ്ഞു.
11,157 അംഗങ്ങളും 666 ബ്രാഞ്ചുകളുമുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ അച്ചടക്കവും ചിട്ടയുമുണ്ടായി. ജില്ലാ ഓഫീസ് നവീകരിച്ചു. വൈക്കം സത്യഗ്രഹ വേളയില്‍ മഹാത്മാഗാന്ധിയെ പുറത്തിരുത്തിയ ഇണ്ടംതുരുത്തി മനയില്‍ ഗാന്ധിജിയുടെ ചെറുമകന് തുഷാര്‍ ഗാന്ധിയെ കൊണ്ടുവന്നതും കാനം കനലോര്‍മ അനുസ്മരണവും ശ്രദ്ധേയമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വൈക്കത്ത് മാത്രമാണ് തോമസ് ചാഴികാടന് ഭൂരിപക്ഷം നേടാനായതെന്നത് സിപിഐയുടെ കരുത്ത് തെളിയിക്കുന്നതായും ബിനു പറഞ്ഞു.