ആകാശപ്പാത പണിയുന്നില്ലെങ്കില്‍ പൊളിക്കണം
1581437
Tuesday, August 5, 2025 6:41 AM IST
കോട്ടയം: കോട്ടയം ശീമാട്ടി റൗണ്ടാനയുടെ അടയാളമായി മാറിയ ആകാശപ്പാത ഒന്നുകില്‍ പണിയണം, അതല്ലെങ്കില്‍ പൊളിക്കണം. മഴയും വെയിലും കൊണ്ട് എട്ടു കൊല്ലമായി വായുവില്‍ നില്ക്കുന്ന ആകാശപാതയുടെ കമ്പിയും കൊളുത്തും കുഴലും വല്ലാത്ത വേഗത്തില്‍ തുരമ്പെടുക്കുകയാണ്.
അസ്ഥിവാരത്തിന് ഇളക്കമുണ്ടോ ഇല്ലയോ എന്നതല്ല അസ്ഥിപഞ്ചരമായി മാറിക്കൊണ്ടിക്കുന്ന ഇരുമ്പുകൂടാരം നിലംപൊത്തിയാല്‍ വൻ ദുരന്തമാകും സംഭവിക്കുക. വഴി മുടക്കി നില്ക്കുന്ന ആകാശപാത നോക്കി അയ്യേ എന്നും അയ്യോ എന്നും പറയുന്നവരുണ്ട്.
നഗരമധ്യത്തില്‍ അഞ്ച് പ്രധാന പാതകളുടെ സംഗമസ്ഥലത്താണ് ഇത് എങ്ങുമെത്താതെ നില്‍ക്കുന്നത്. കവലയിലെ തിരക്ക് കുറയ്ക്കാനും റോഡ് ഒഴിവാക്കി യാത്രക്കാര്‍ക്ക് അപ്പുറം കടക്കാനുമാണ് പദ്ധതി ആവിഷ്കരിച്ചത്. നിര്‍മാണത്തുക, ആവശ്യകത, ബലം എന്നിവയെ ചൊല്ലി ഏറെക്കാലമായി രാഷ്ട്രീയ ബലപരീക്ഷണം നടക്കുന്നുണ്ട്.
ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാരിനും പ്രതിപക്ഷത്തിനും പ്രധാനപ്പെട്ടതെങ്കില്‍ നിലവില്‍ സ്ഥിതിചെയ്യുന്ന ഇരുമ്പുവട്ടത്തിന്റെ കാര്യത്തില്‍ അടിയന്തര തീരുമാനമുണ്ടാണം. ഇടവേളയില്ലാതെ വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന പാതയ്ക്കു മുകളില്‍ വട്ടത്തിൽനില്ക്കുന്ന വന്കുഴലുകളുടെ ഏതു ഭാഗം നിലംപൊത്തിയാലും ആള്‍നാശം ഉറപ്പ്.