പ്രൈവറ്റിനെ വെട്ടി ആനവണ്ടിയായതോടെ രണ്ടും നിന്നു; ജനം പെരുവഴിയിൽ
1581297
Monday, August 4, 2025 11:24 PM IST
എരുമേലി: സ്വകാര്യ ബസ് കൃത്യമായി സർവീസ് നടത്തിയിരുന്ന ഗ്രാമീണ റൂട്ടിൽ സ്വകാര്യ ബസിന്റെ സമയത്ത് കെഎസ്ആർടിസി ഓടിത്തുടങ്ങിയതോടെ നഷ്ടം മൂലം സ്വകാര്യ ബസ് സർവീസ് നിന്നു. അധികം വൈകാതെ കെഎസ്ആർടിസിയും സർവീസ് നിർത്തി. ഇതോടെ നാട്ടുകാർ ബുദ്ധിമുട്ടിൽ.
എരുമേലി ടൗണിൽനിന്നു രാവിലെ 4.30ന് ആരംഭിച്ച് മുക്കൂട്ടുതറ, കണമല, മൂക്കൻപെട്ടി, കുഴിമാവ്, 504 കോളനി, പുഞ്ചവയൽ, മുണ്ടക്കയം, പറത്താനം, ചോലത്തടം, പതാമ്പുഴ, ഈരാറ്റുപേട്ട വഴി എറണാകുളത്തേക്കുള്ള കെഎസ്ആർടിസി സർവീസാണ് നഷ്ടമാണെന്ന് പറഞ്ഞ് നിർത്തിവച്ചിരിക്കുന്നത്. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്താതെ മറ്റ് ദിവസങ്ങളിലാണ് സർവീസ് നടത്തിയിരുന്നത്. ഇത് മൂലം സ്ഥിരം യാത്രക്കാർ കുറയുകയായിരുന്നു. ഇതോടെയാണ് സർവീസ് നഷ്ടത്തിലായത്.
അതേസമയം ഇനി സ്വകാര്യ ബസ് സർവീസ് ഏറ്റെടുത്ത് നടത്താൻ ഒരുക്കമല്ല. സർവീസ് തുടർന്ന് നടത്തിയാൽ പഴയപോലെ കെഎസ്ആർടിസി സർവീസ് നടത്താൻ വരുമെന്നും അപ്പോൾ തങ്ങളും നഷ്ടം മൂലം നിർത്തേണ്ടി വരുമെന്ന് സ്വകാര്യ ബസ് അധികൃതർ പറയുന്നു.
കിഴക്കൻ മലയോര മേഖലയിലെ ഗ്രാമീണ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന സർവീസ് ഒട്ടേറെ യാത്രക്കാർക്കു പ്രയോജനകരമായിരുന്നു. ഗതാഗതമന്ത്രി ഇടപെട്ട് ബസ് സർവീസ് തുടരുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മന്ത്രിക്ക് നിവേദനം നൽകിയെന്ന് പ്രകാശ് അറിയിച്ചു.