ഒഫ്താല്‍മോളജി ഓപ്പറേഷന് തിയറ്റര്‍, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ തുറക്കുന്നു
1581433
Tuesday, August 5, 2025 6:41 AM IST
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഒഫ്താല്‍മോളജി ഓപ്പറേഷന് തിയറ്റര്‍, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനവും കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്ന ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും 16ന് രാവിലെ 9.30ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
ആശുപത്രിയിലെ ഫാര്‍മസി, ലാബ് എന്നിവിടങ്ങളില്‍ മെഡിസിനോ എന്ന കമ്പനിയുടെ സഹകരണത്തോടെ ഫ്രീ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചു. ആശുപത്രിയില്‍ ഒരു സെക്യൂറിറ്റി ജീവനക്കാരനെക്കൂടി നിയോഗിച്ച് സന്ദര്‍ശകര്‍ക്ക് പാസ് സംവിധാനം ഏര്‍പ്പെടുത്തും. പാസ് നിരക്ക് പത്തുരൂപയായിരിക്കും.
യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ ബീന ജോബ്, അംഗങ്ങളായ കെ.സി. ജോസഫ്, കെ.ടി. തോമസ്, മുഹമ്മദ് സിയ, ജോസുകുട്ടി നെടുമുടി, ബെന്നി സി. ചീരംചിറ, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, സുധീര്‍ ശങ്കരമംഗലം, ജയിംസ് കാലാവടക്കന്‍, നവാസ് ചുടുകാട് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.