കില്ലര്‍ സെബാസ്റ്റ്യന്‍: ചോദ്യംചെയ്യൽ തുടരുന്നു ; കൊലപാതകങ്ങളുടെ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ച്
1581311
Monday, August 4, 2025 11:24 PM IST
കോട്ടയം: അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ കെ.എ. മാത്യുവിന്റെ ഭാര്യ ജെയ്നമ്മയുടെ തിരോധാനത്തില്‍ അന്വേഷണം തുടങ്ങിയ കോട്ടയം ക്രൈംബ്രാഞ്ച് നിലവില്‍ നാലോ അഞ്ചോ പേരുടെ തിരോധാനം സംബന്ധിച്ച് അന്വേഷിക്കുകയാണ്.
ജെയ്നമ്മയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെയും സൂചനകളുടെയും അടിസ്ഥാനത്തിലാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെ ചോദ്യം ചെയ്യാന്‍ കോട്ടയം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കോട്ടയം ക്രൈം ബ്രാഞ്ച് മൂന്നു ദിവസം ചോദ്യം ചെയ്തിട്ടും ജെയ്നമ്മയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി സെബാസ്റ്റ്യന്‍ സമ്മതിച്ചിട്ടില്ല. എന്നാല്‍ സ്വര്‍ണം വിറ്റതായി പോലീസ് തെളിവടക്കം കണ്ടെത്തുകയും ചെയ്തു.
ജെയ്നമ്മയുടെ ഫോണ്‍ കൈവശം വച്ച് അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സെബാസ്റ്റ്യന്‍ പലപ്പോഴും ബന്ധുക്കളെ മിസ്ഡ് കോള്‍ ചെയ്തിരുന്നു. തിരികെ വിളിച്ചപ്പോള്‍ മറുപടി ലഭിക്കുകയോ ഫോണ്‍ എടുക്കുകയോ ചെയ്തില്ല. മിസ്ഡ് കോളിനു തൊട്ടുപിന്നാലെ ഫോണ്‍ ഓഫ് ആക്കുന്നതും പതിവായിരുന്നു.
മിസ്ഡ് കോള്‍ സംബന്ധിച്ച് ക്രൈംബ്രാഞ്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് നാല് ദുരൂഹമരണം ചുരുളഴിയുന്ന സാഹചര്യത്തിലേക്കെത്തിയത്. നാലു സ്ത്രീകള്‍ക്കു പുറമെ കൃത്യങ്ങള്‍ക്ക് കൂട്ടാളികളായിരുന്ന രണ്ട് പുരുഷന്മാരെയും സെബാസ്റ്റ്യന്‍ വക വരുത്തിയതായാണ് സൂചന.
സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ ജെയ്നമ്മയുടേതാണോ എന്നതില്‍ സംശയമുണ്ട്. ജയ്നമ്മയുടെ സഹോദരന് സാവിയോ, സഹോദരി ആന്‍സി എന്നിവരുടെ രക്തസാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനാഫലം ലഭിച്ചെങ്കില്‍ മാത്രമേ കൊലചെയ്യപ്പെട്ടത് ജയ്നമ്മ തന്നെയാണോ എന്നു സ്ഥിരീകരിക്കാനാകൂ.
ക്ലിപ്പിട്ട ഒരു പല്ല് കണ്ടെടുത്തത് ചേര്‍ത്തല സ്വദേശി ഐഷയുടേതാണെന്ന് സംശയിക്കുന്നു. ജെയ്നമ്മയുടെ പല്ലിന് ക്ലിപ്പുണ്ടായിരുന്നില്ല. ജെയ്നമ്മയെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തി എന്നത് പോലീസ് സ്ഥിരീകരിക്കുന്നു. എന്നാല്‍ മൃതദേഹം എവിടെ മറവു ചെയ്തുവെന്ന് സെബാസ്റ്റ്യന്‍ പറയുന്നില്ല.
ഒരാഴ്ച തുടരെ ചോദ്യം ചെയ്തിട്ടും രോഗവും ക്ഷീണവും മറവിയും നടിച്ച് സെബാസ്റ്റ്യന്‍ തന്ത്രപരമായി ഒഴിഞ്ഞുമാറുകയാണ്. പ്രതി പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ട്. കാലിലെ മുറിവ് ദിവസവും ആശുപത്രിയിലെത്തി ഡ്രസ് ചെയ്യുന്നു.
നാലു നേരം കൃത്യമായി ഭക്ഷണം വേണമെന്നും നിര്‍ബന്ധമുണ്ട്. സെബാസ്റ്റ്യനില്‍നിന്ന് വിവരങ്ങള്‍ ലഭിക്കേണ്ടതിനാല്‍ പോലീസ് സംയമനം പുലര്‍ത്തുന്നു. കോട്ടയം ക്രൈംബ്രാഞ്ച് ടീം പൂര്‍ണമായി ചേര്‍ത്തലയില്‍ ക്യാമ്പ് ചെയ്ത് തെരച്ചിലും ചോദ്യം ചെയ്യലും തുടരുകയാണ്.
മൊഴികളില്‍ വൈരുധ്യം
ജെയ്നമ്മ പള്ളിപ്പുറത്തെ വീട്ടില്ച്ചാണ് കൊല്ലപ്പെട്ടതെന്നുറപ്പിച്ചാണ് കോട്ടയം ക്രൈംബ്രാഞ്ചിന്റെ നടപടികള്‍ മുന്നോട്ടു പോകുന്നത്. കാണാതായ, 2024 ഡിസംബര്‍ 23-നു തന്നെ ഇവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ശരീരാവശിഷ്ടങ്ങള്‍ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ തന്നെയുണ്ടെന്നുമാണ് കണക്കാക്കുന്നത്. സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയെങ്കിലും ശരീരാവശിഷ്ടങ്ങളുടെ കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല.
ജെയ്നമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളടക്കം അപഹരിച്ച് പണയംവെക്കുകയും പിന്നീട് എടുത്ത് വില്‍ക്കുകയുമായിരുന്നു. ഇവ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതി പരസ്പരവിരുദ്ധമായ മൊഴികളിലൂടെ ഉദ്യോഗസ്ഥരെ വട്ടംകറക്കുകയാണെന്നാണു സൂചന.
ലിസ്റ്റില്‍ അവസാനമെത്തിയത് ഐഷ
ഐഷയെ 2012 മേയ് 13നാണ് കാണാതായത്. ഫോണ്‍ വന്നതിനെ തുടര്‍ന്ന് ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. കുടുംബസ്വത്ത് തര്‍ക്കം നിലനിന്നിരുന്ന ഐഷയ്ക്ക് സമീപവാസിയുടെ അഞ്ച് സെന്റ് സ്ഥലം വാങ്ങിനല്‍കാന്‍ മുന്‍കൈയെടുത്തത് സെബാസ്റ്റ്യനായിരുന്നു. തിരുവിഴ ക്ഷേത്രത്തിലേക്ക് പോയ സിന്ധുവിനെ 2020 ഒക്ടോബര്‍ 19നാണ് കാണാതായത്. സെബാസ്റ്റ്യനുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല.
ആലപ്പുഴ ജില്ലയില്‍ മാത്രമല്ല, സമീപജില്ലകളിലും സെബാസ്റ്റ്യന്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതായി ജെയ്നമ്മയുടെ തിരോധാനത്തോടെ വ്യക്തമായതിനാല്‍ കോട്ടയം, എറണാകുളം, കൊല്ലം ജില്ലകളില്‍നിന്നു സമീപകാലത്തു കാണാതായ സ്ത്രീകളുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍നിന്നു അഞ്ചു വര്‍ഷം മുന്‍പു കാണാതായ ചേര്‍ത്തല തെക്ക് വള്ളാക്കുന്നത്തുവെളി സിന്ധുവിന്റെ കേസ് വീണ്ടും അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചതും ഈ സാഹചര്യം പരിഗണിച്ചാണ്.
കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ഗിരീഷ് പി. സാരഥി, ക്രൈംബ്രാഞ്ച് ആലപ്പുഴ എസ്പി ഷൗക്കത്ത് അലി, ചേര്‍ത്തല എഎസ്പി ഹരീഷ് ജെയ്ന്‍, ചേര്‍ത്തല തഹസില്‍ദാര്‍ എസ്. ഷീജ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, അഗ്നിശമനസേന, ഫോറന്‍സിക് വിദഗ്ദര്‍, ഡോഗ് സ്ക്വാഡ് തുടങ്ങിയവര്‍ തെളിവെടുപ്പിൽ പങ്കെടുത്തു.