സയൻസ് സിറ്റിയിൽ ആദ്യമാസം വിജ്ഞാനം നുകരാനെത്തിയത് പതിനായിരത്തിലേറെപ്പേർ
1581306
Monday, August 4, 2025 11:24 PM IST
കുറവിലങ്ങാട്: വിനോദത്തിലൂടെ അറിവിന്റെ ലോകം തുറന്നുനൽകുന്ന സയൻസ് സിറ്റിയിൽ ആദ്യമാസം സന്ദർശനം നടത്തിയത് പതിനായിരത്തിലേറെപ്പേർ. അയൽസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഗവേഷകരടക്കമെത്തി.
തിങ്കളാഴ്ചകളിലൊഴികെ എല്ലാദിവസവും തുറന്നുപ്രവർത്തിക്കുന്ന സയൻസ് സിറ്റിയിലേക്ക് ഒരു ദിവസം മൂന്നൂറിലേറെപ്പേർ എത്തുന്നു. സയൻസ് സിറ്റിയുടെ സമീപസ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾക്കും ഇതിന്റെ നേട്ടമുണ്ടായിട്ടുണ്ട്. പ്രധാനമായും വിദ്യാർഥികളാണ് ആദ്യമാസത്തിൽ സയൻസ് സിറ്റിയിലേക്ക് എത്തിയത്.
അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രവേശനഫീസിൽ പ്രത്യേക ഇളവുണ്ട്. അവധിദിനങ്ങളിൽ കുടുംബസമേതമാണ് പലരും എത്തുന്നത്. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം പള്ളിയിലെത്തുന്ന ചില തീർഥാടക സംഘങ്ങളും സയൻസ് സിറ്റി സന്ദർശിച്ചാണ് മടങ്ങുന്നത്.