രജതജൂബിലി ആഘോഷവും പാലിയേറ്റീവ് കെയർ യൂണിറ്റ് വെഞ്ചരിപ്പും
1581293
Monday, August 4, 2025 11:24 PM IST
കോരുത്തോട്: ആതുരശുശ്രൂഷാരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട കോരുത്തോട് കരുണാഭവൻ മെഡിക്കൽ സെന്റർ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചതിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലിയുടെ ഭാഗമായി ആരംഭിക്കുന്ന ആധുനിക സംവിധാനങ്ങളോടുകൂടിയ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും നവീകരിച്ച മെഡിക്കൽ ലാബിന്റെയും വെഞ്ചരിപ്പും ഇതോടനുബന്ധിച്ച് നടക്കും.
ഉച്ചകഴിഞ്ഞ് 2.30ന് മഠം ചാപ്പലിൽ വിശുദ്ധ കുർബാന. തുടർന്നു നടക്കുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഉദ്ഘാടനം ചെയ്യും. ആരാധനാ സന്യാസിനീസമൂഹം കാഞ്ഞിരപ്പള്ളി പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ സിസ്റ്റർ അമല കിടങ്ങത്താഴെ അധ്യക്ഷത വഹിക്കും.
പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ലിസ്മരിയ, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു, സെന്റ് ജോർജ് പള്ളി വികാരി ഫാ. സക്കറിയാണ് ഇല്ലിക്കമുറിയിൽ, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. ദീപു പുത്തൻപുരയ്ക്കൽ, കോരുത്തോട് ഗ്രാമപഞ്ചായത്ത് മെംബർ ടോംസ് കുര്യൻ, സിസ്റ്റർ അൻസിൻ മാറുകാട്ടുകുന്നേൽ, കരുണാഭവൻ മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ക്ലെറിൻ എന്നിവർ പ്രസംഗിക്കും.