നിജോ; പാട്ടുകളെ സ്നേഹിച്ച കൂട്ടുകാരന്
1581431
Tuesday, August 5, 2025 6:40 AM IST
ചങ്ങനാശേരി: കഴിഞ്ഞദിവസം ബൈക്കും ടൂറിസ്റ്റ്ബസും കൂട്ടിയിടിച്ചു മരിച്ച വടക്കേക്കര പുതുപ്പറമ്പില്‍ നിജോ ദേവസ്യ(ജാക്കി-36)പാട്ടുകളെ സ്നേഹിച്ച ഗായക പ്രതിഭയായിരുന്നു. വടക്കേക്കര സെന്റ് മേരീസ് പള്ളിയിലെ ഗായകസംഘാംഗമായുന്ന നിജോ വിവിധ വേദികളിലും പാടി ശ്രദ്ധനേടിയിരുന്നു. നിജോയുടെ വിവാഹ കുര്‍ബാനമധ്യേ കുര്‍ബാന സ്വീകരണസമയത്ത് നിജോ പാട്ടുപാടിയത് നാട്ടുകാര്‍ ഓര്‍ക്കുന്നു.
ചെത്തിപ്പുഴ സര്‍ഗക്ഷേത്രയുടെ നാടകഗാന മത്സരത്തില്‍ നിജോയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. ഞായറാഴ്ച രാത്രി 11ന് മോര്‍ക്കുളങ്ങര ഭാഗത്തുവച്ചുണ്ടായ അപകടത്തിലാണ് നിജോ മരിച്ചത്.
രണ്ടുവര്‍ഷംമുമ്പാണ് കണ്ണൂര്‍ ചെമ്പേരി കുര്യംതുരുത്ത് ദില്നയുമായുള്ള വിവാഹം നടന്നത്. ബയോ മെഡിക്കല്‍ ഉപകരണ വിതരണ കമ്പനിയുടെ ഏരിയ മാനേജരായി ജോലിചെയ്തു വരികയായിരുന്നു. മൃതദേഹം ഇന്ന് രാവിലെ പത്തിന് വീട്ടിലെത്തിക്കും.
സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന് വടക്കേക്കര സെന്റ് മേരീസ് പള്ളിയില്‍. ഒരുവയസ് പ്രായമുള്ള ഇതള്‍ എന്ന പെണ്‍കുഞ്ഞുണ്ട്. പുതുപ്പറമ്പില്‍ ബേബിച്ചന്-കുഞ്ഞുമോള്‍ ദമ്പതികളുടെ മകനാണ്. നിജോയുടെ വേര്‍പാട് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും തീരാവേദനയായി.