മാധ്യമപ്രവര്‍ത്തനത്തിൽ എംഒയു ഒപ്പിട്ട് രാഷ്ട്രദീപികയും ബിസിഎം കോളജും
1581309
Monday, August 4, 2025 11:24 PM IST
കോട്ടയം: നഗരത്തിലെ പ്രമുഖ കലാലയമായ ബിസിഎം കോളജും രാഷ്ട്രദീപിക ലിമിറ്റഡും മാധ്യമ പ്രവര്‍ത്തനത്തില്‍ മൊമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് ഒപ്പിട്ടു. ഇംഗ്ലീഷ് വിഭാഗവുമായി ചേര്‍ന്നാണ് എംഒയു. ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് വിഭാഗവും എംജി യൂണിവേഴ്സിറ്റിയും രാഷ്ട്രദീപിക ലിമിറ്റഡും ചേര്‍ന്ന് മാധ്യമ വര്‍ക്ക്ഷോപ്പും സംഘടിപ്പിച്ചു.
സമ്മേളനം രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. സത്യം മാത്രം പറയുകയും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന ദീപിക നിശബ്ദമായി സമൂഹത്തില്‍ വിപ്ലവം സൃഷ്ടിക്കും. ലാഭം നോക്കിയല്ല ദീപികയുടെ പ്രവര്‍ത്തനമെന്നും മൂല്യത്തിലും സത്യത്തിലും നിലപാടിലും ഒരിക്കലും വെള്ളം ചേര്‍ക്കില്ലെന്നും ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പറഞ്ഞു.
ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍ മുഖ്യപ്രഭാഷണം നടത്തി. ഭാവാത്മകമായ മാധ്യമ പ്രവര്‍ത്തനം വാസയോഗ്യമായ ഭവനമാക്കി ലോകത്തെ മാറ്റുന്നതായി റവ.ഡോ. ജോര്‍ജ് കുടിലില്‍ പറഞ്ഞു. മുറിവുകള്‍ സൗഖ്യമാക്കുന്ന പ്രത്യാശയുടെ കഥകള്‍ പറയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും ചീഫ് എഡിറ്റര്‍ കൂട്ടിച്ചേര്‍ത്തു.
കോളജ് മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ചു. ആധുനിക ലോകത്ത് മാധ്യമങ്ങളെ തികഞ്ഞ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ഫാ. ഏബ്രഹാം പറമ്പേട്ട് പറഞ്ഞു. ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. കെ.വി. തോമസ്, ദീപിക ചീഫ് ന്യൂസ് എഡിറ്റര്‍ സി.കെ. കുര്യാച്ചന്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. റിയ സൂസന് സ്കറിയ, ഫാക്കല്‍റ്റി കോഓര്‍ഡിനേറ്റര്‍ ആന്‍സി സിറിയക് എന്നിവര്‍ പ്രസംഗിച്ചു. കോളജും ദീപികയും തമ്മിലുള്ള ധാരണാപത്രത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. കെ.വി. തോമസും ഒപ്പിട്ടു.
ഇതുപ്രകാരം മാധ്യമ പഠനവിഭാഗം കുട്ടികള്‍ക്ക് ദീപികയില്‍ ഇന്റേണ്‍ഷിപ്പ്, ദീപിക മുഖപ്രസംഗത്തിന്റെയും വാര്‍ത്തകളുടെയും ഇംഗ്ലീഷിലുള്ള തര്‍ജമ തുടങ്ങി വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ നടക്കും. മാധ്യമ വര്‍ക്ക്ഷോപ്പില്‍ സിഎംഎസ് കോളജ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ അഷിഖ സുല്‍ത്താന, എറണാകുളം സെന്റ് തെരേസാസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ സെബ നാസര്‍ എന്നിവര്‍ ക്ലസുകള്‍ നയിച്ചു.