കൊമ്പുകുത്തിയിൽ ക്ലാസെടുക്കാൻ കാട്ടാന!
1581295
Monday, August 4, 2025 11:24 PM IST
മുണ്ടക്കയം: കാർഷിക മേഖലയിൽ വൻ നാശം വിതയ്ക്കുന്നതിനൊപ്പം കാട്ടാനകൾ വിദ്യാഭ്യാസത്തിനും ഭീഷണിയാകുന്നു. ജീവൻ പണയംവച്ചു സ്കൂളിലെത്തേണ്ട ഗതികേടിലാണ് കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർഥികളും.
കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളുടെ വനാതിർത്തി മേഖലയായ കൊമ്പുകുത്തിയിൽ കാട്ടാനശല്യം അതിരൂക്ഷമാണ്.
വണ്ടിക്കു മുന്നിൽ ആന
പ്രദേശത്തെ വിദ്യാർഥികളുടെ ഏക ആശ്രയമാണ് കൊമ്പുകുത്തി സർക്കാർ ഹൈസ്കൂൾ. എന്നാൽ, ഇവിടേക്കുള്ള യാത്ര വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ ദുരിതമായി മാറിയിരിക്കുകയാണ്.
രാവിലെ ഒന്പതിനു മുന്പ് അധ്യാപകർ സ്കൂളിൽ എത്തണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, മേഖലയിലേക്കുള്ള ഏക ബസ് മുണ്ടക്കയത്തുനിന്ന് സർവീസ് ആരംഭിക്കുന്നതു രാവിലെ 8.45 നാണ്. സ്കൂളിൽ എത്തിച്ചേരുമ്പോൾ 9.30 കഴിയും. ഇതുകൊണ്ടു സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവിടത്തെ അധ്യാപകർ. ഇതു സാന്പത്തിക ബാധ്യത യുണ്ടാക്കുന്നുവെന്നു മാത്രമല്ല ആനയെ പേടിച്ചുവേണം യാത്ര ചെയ്യാൻ.
പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ, മതമ്പ അടക്കമുള്ള മേഖലയിലെ കുട്ടികളും പഠിക്കുന്നത് കൊമ്പുകുത്തി സ്കൂളിലാണ്. ജീപ്പ്, ഓട്ടോറിക്ഷ അടക്കമുള്ള സ്വകാര്യ വാഹനങ്ങളാണ് ഇവിടത്തെ വിദ്യാർഥികളുടെ ആശ്രയം.
ഏതാനും മാസങ്ങൾക്കുമുമ്പ് വിദ്യാർഥികളുമായി സഞ്ചരിച്ചിരുന്ന ജീപ്പിനു മുന്നിൽ കാട്ടാനക്കൂട്ടമെത്തിയിരുന്നു. അന്ന് അദ്ഭുതകരമായിട്ടാണ് വിദ്യാർഥികൾ കാട്ടാനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്.
ആനയെടുത്തത്
രണ്ടു ജീവൻ
കഴിഞ്ഞ അഞ്ചു മാസത്തിനിടെ പെരുവന്താനം, കോരുത്തോട് വനാതിർത്തി പങ്കിടുന്ന മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു ജീവനുകളാണ് പൊലിഞ്ഞത്. രണ്ടു പേരെയും കൊലപ്പെടുത്തിയത് ഒരേ ആന തന്നെയാണെന്നാണു നാട്ടുകാർ പറയുന്നത്.
അക്രമകാരിയായ ആന ജനവാസമേഖലയിൽ ഇറങ്ങിയതോടെ ആളുകൾ കടുത്ത ഭീതിയിലാണ്. കാട്ടാനക്കൂട്ടത്തിൽനിന്നു മാറിനടക്കുന്ന അക്രമകാരിയായ ആന പതിയിരുന്നാണ് മനുഷ്യരെ ആക്രമിക്കുന്നതെന്നും പറയുന്നു. ആനയുടെ സാന്നിധ്യം മനുഷ്യർ തിരിച്ചറിയുമ്പോഴേക്കും ആക്രമണമുണ്ടായിരിക്കും.
രണ്ട് ആളുകളെ കൊലപ്പെടുത്തി ജനവാസമേഖലയിൽ തമ്പടിക്കുന്ന ഈ കാട്ടാനയെ പിടികൂടി ഉൾവനത്തിൽ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചവിട്ടിമെതിച്ച് വിളവെടുപ്പ്!
കഴിഞ്ഞ ദിവസം മേഖലയിലെത്തിയ കാട്ടാനക്കൂട്ടം ബിജു ഇളംപുരയിടത്തിൽ, വിശ്വനാഥൻ മഷികല്ലുങ്കൽ, ടി.എൻ. സജി തടത്തിൽ, കെ.സി. സുനീഷ് കോച്ചേരിയിൽ, രാജപ്പൻ തടത്തിൽ, ശാന്തമ്മ മഷികല്ലുങ്കൽ എന്നിവരുടെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു.
കർഷകർ നട്ടുവളർത്തിയ വിളവെടുപ്പിനു പാകമായ 200ൽപരം മൂട് കപ്പയും ഓണത്തിന് വിളവെടുക്കേണ്ടിയിരുന്ന 200ലധികം ഞാലിപ്പൂവൻ വാഴകളും കാട്ടാനക്കൂട്ടം തകർത്തു.
കൂടാതെ പ്രദേശത്തെ കർഷകരുടെ കമുക്, കൊക്കോ, കാപ്പി, കുരുമുളക്, റബർ എന്നിവയും കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചു തകർത്തു.