പ്രതിഷേധത്തിനൊടുവില്‍ കാട് വെട്ടിനീക്കി കെഎസ്ഇബി
1581426
Tuesday, August 5, 2025 6:40 AM IST
പെരുവ: പ്രതിഷേധത്തിനൊടുവില്‍ വൈദ്യൂതി ലൈനിലെ കാടും പള്ളയും വെട്ടിനീക്കി കെഎസ്ഇബി. റോഡരികില്‍ അപകടക്കെണിയൊരുക്കി കെഎസ്ഇബിയെന്ന തലക്കെട്ടോടെ ഇന്നലെ ദീപികയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി.
പെരുവ കെഎസ്ഇബി സബ് സെന്ററിന്റെ കീഴിലുള്ള കുന്നപ്പള്ളിയില്‍ റോഡിലേക്കു ചെരിഞ്ഞ് അപകടഭീഷിണി ഉയര്‍ത്തി വൈദ്യുതിത്തൂണുകള്‍ നില്ക്കുന്നതും കാരിക്കോട്ട് വൈദ്യുതിത്തൂണിലേക്ക് പടര്‍ന്നുകയറി നില്ക്കുന്ന വള്ളിപ്പടര്‍പ്പുകളും നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നതായി ഇന്നലെ ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാര്‍ത്തയെത്തുടര്‍ന്ന് ജീവനക്കാരെത്തി വൈദ്യൂത ലൈനിലെ കാടും പള്ളയും വെട്ടിനീക്കി അപകടമൊഴിവാക്കി. കുന്നപ്പള്ളി ആക്യമാലി ജംഗ്ഷനില്‍നിന്നു മടത്താട്ട് കോളനി റോഡിലുള്ള വൈദ്യുതി ത്തൂണുകള്‍ റോഡിലേക്കു ചെരിഞ്ഞു മറിഞ്ഞുവീഴാറായ നിലയിലാണ്. ഇവ ഈ ദിവസങ്ങളില്‍തന്നെ പറിച്ചുനീക്കാന്‍ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. ഇതിലൂടെയുള്ള വൈദ്യുത ലൈനുകള്‍ മാറ്റി പുതിയ തൂണുകളിലേക്ക് സ്ഥാപിച്ചെങ്കിലും ചെരിഞ്ഞു നില്ക്കുന്ന തൂണുകള്‍ മാറ്റാന്‍ അധികൃതര്‍ നടപടിയെടുത്തിരുന്നില്ല.
നിരവധിതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ദിവസവും നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന വഴിയാണിത്. ചെരിഞ്ഞു നില്ക്കുന്ന നിരവധി തൂണുകള്‍ മാറ്റിസ്ഥാപിച്ച വൈദ്യുത ലൈനിന്റെ നടുക്കാണ് സ്ഥിതി ചെയ്യുന്നത്. വൈദ്യുതിത്തൂണുകള്‍ മറിഞ്ഞുവീണാല്‍ വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ പൊട്ടിവീഴാനുള്ള സാധ്യതയുമുണ്ടെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്കുന്നു.