മോഷണക്കേസുകളിൽ രണ്ടു പേർ അറസ്റ്റില്‍
1581435
Tuesday, August 5, 2025 6:41 AM IST
ചിങ്ങവനം: കഴിഞ്ഞ ദിവസം നടന്ന മോഷണക്കേസുകളിൽ രണ്ടു പേർ അറസ്റ്റില്‍. ചങ്ങനാശേരി ചീരഞ്ചിറ പാറച്ചിറ അഭിലാഷ് ഗോപാലന് (44), ചങ്ങനാശേരി ചെത്തിപ്പുഴ പാറച്ചിറ ജോമോന് ജോസഫ് (29) എന്നിവരെയാണ് ചിങ്ങവനം പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
മലകുന്നം, അഞ്ചല്‍ക്കുറ്റി ഭാഗത്തുള്ള കുളത്തുങ്കല്‍ വീടിന്റെ ഷെഡില്‍ വച്ചിരുന്ന മോട്ടര്‍സൈക്കിളും കുറച്ചി മലകുന്നം അഞ്ചല്‍കുറ്റി ഭാഗത്തുള്ള കുന്നേപറമ്പില് വീടിന്റെ സമീപത്ത് പ്രവര്‍ത്തിച്ചുവരുന്ന ബാബു സ്റ്റോഴ്സ് എന്ന സ്റ്റേഷനറി കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് കടയക്കുള്ളിലുണ്ടായിരുന്ന സ്റ്റേഷനറി സാധനങ്ങളും മോഷ്ടിച്ചതിലുമാണ് അറസ്റ്റ്.
തുരുത്തി മിഷന്‍പള്ളി ഭാഗത്ത് സംശയാസ്പദമായി കാണപ്പെട്ട ജോമോന് ജോസഫിനെ ചോദ്യം ചെയ്തതില്‍ ഇയാള്‍ വാഹന മോഷണം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നു മനസിലാകുകയും മോഷണം നടന്ന വീട്ടിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ആളുടെ രൂപവുമായി ജോമോന് സാദൃശ്യം തോന്നുകയും ചെയ്തതിനാല്‍ ജോമോനെ സ്റ്റേഷനില്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കൂടെയുണ്ടായിരുന്ന ആള് ജോമോന്റെ ബന്ധുവും നിരവധി മോഷണക്കേസിലെ പ്രതിയുമായ അഭിലാഷ് ഗോപാലനാണെന്നും മനസിലായി. ഇയാളെ ചീരഞ്ചിറ ഭാഗത്ത് പോലീസ് സംഘം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.