തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി ചങ്ങനാശേരി നഗരം ;നാലുപേര്‍ക്ക് കടിയേറ്റു
1581432
Tuesday, August 5, 2025 6:41 AM IST
ചങ്ങനാശേരി: ചങ്ങനാശേരി നഗരം തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാകുന്നു. നായ്ക്കളുടെ ആക്രമണം പതിവാകുന്നു. കഴിഞ്ഞദിവസം തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. റെയില്‍വേസ്റ്റേഷനു സമീപം ചെറുകരക്കുന്നിലും ഒളശമുക്ക് ഭാഗത്താണുമാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെ പള്ളിയില്‍ പോകാന്‍ വീട്ടില്‍നിന്നിറങ്ങിയ സൂസമ്മയ്ക്കാണ് (65) ആദ്യം കടിയേറ്റത്. ഒളശമുക്ക് ഭാഗത്തായിരുന്നു ആക്രമണം.
സൂസമ്മയുടെ ശരീരത്തിന്റെ പലഭാഗത്തും കടിയേൽക്കുകയും നായയുടെ ആക്രമണത്തിൽ വീണ് സാരമായ പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാരെത്തിയാണ് നായയെ ഓടിച്ച് സൂസമ്മയെ രക്ഷപ്പെടുത്തിയത്. ചെറുകരക്കുന്ന് ഭാഗത്ത് കാല്‍നടയാത്രക്കാരിയായ സ്റ്റെല്ലയ്ക്കും മറ്റു രണ്ടു പേര്‍ക്കും കടിയേറ്റു. പേവിഷബാധയുള്ളതെന്നു സംശിക്കുന്ന തെരുവുനായയെ വാര്‍ഡ് കൗണ്‍സിലര്‍ ടെസ വര്‍ഗീസ് അറിയിച്ചതുപ്രകാരം നഗരസഭാ ജീവനക്കാരും വെറ്ററിനറി വിഭാഗവും ചേര്‍ന്ന് പിടികൂടി. നായയെ പിടികൂടാന്‍ ആദ്യം നഗരസഭയെ സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്. ജോബ് മൈക്കിള്‍ എംഎല്‍എ ഇടപെട്ടതോടെയാണ് നായയെ പിടികൂടാന്‍ നഗരസഭ നടപടി സ്വീകരിച്ചത്.
സമീപത്തുള്ള സ്കൂള്‍ വളപ്പിൽ നായ പ്രവേശിക്കാതിരിക്കാന്‍ നാട്ടുകാരായ ടിറ്റി കോട്ടപ്പുറം, ലിയോണ്‍, ടിസണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ശ്രദ്ധിച്ചു. തുടര്‍ന്നാണ് നഗരസഭാ ജീവനക്കാര്‍ എത്തി നായയെ കുടുക്കിയത്. പിടികൂടിയ നായയെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.
കഴിഞ്ഞ ദിവസം സായാഹ്ന സവാരിക്കിടെ വയോധികനായ ആള്‍ക്ക് പെരുന്നയില്വച്ച് തെരുവ് നായയുടെ കടിയേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്. നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിന് അധികാകികള് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.