കേരള കോണ്‍. പഠനശിബിരം സമാപിച്ചു
1581307
Monday, August 4, 2025 11:24 PM IST
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ദുര്‍ബല ജന വിഭാഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്ത ഇന്നത്തെ ദുരവസ്ഥ പരിഹരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ. കേരള കോണ്‍ഗ്രസ് ജില്ലാ സംഘടന പഠനശിബിരം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യ ചികിത്സാ പദ്ധതി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ഭവന സന്ദര്‍ശനവും ജനസമ്പര്‍ക്ക പരിപാടിയും പ്രവര്‍ത്തന ഫണ്ട് ശേഖരണവും ജില്ലയില്‍ 15 മുതല്‍ 30 വരെ നടത്താന്‍ പഠനശിബിരം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സണ്‍ ജോസഫ് ഒഴുകയില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജനറല്‍ ജോയ് ഏബ്രഹാം, പാര്‍ട്ടി വൈസ് ചെയര്മാന്മാരായ ഇ.ജെ. ആഗസ്തി, കെ.എഫ്. വര്‍ഗീസ്, പാര്‍ട്ടി സംസ്ഥാന അഡ്വൈസര്‍ തോമസ് കണ്ണന്തറ, ഉന്നതാധികാര സമിതി അംഗങ്ങളായ പ്രിന്‍സ് ലൂക്കോസ്, വി.ജെ. ലാലി, ജോര്‍ജ് പുളിങ്കാട്, ചെറിയാന് ചാക്കോ, ബിനു ചെങ്ങളം തുടങ്ങിയവര്‍ പ്രസംഗിച്ചു.