വെള്ളികുളത്ത് വള്ളമെത്തി!
1581301
Monday, August 4, 2025 11:24 PM IST
വെള്ളികുളം: വെള്ളികുളത്തെ പള്ളി കുളത്തിൽ ഇറക്കാൻ വള്ളമെത്തിയത് നാട്ടുകാർക്ക് കൗതുകമായി.
പള്ളിവക കുളത്തിൽ മീൻ വളർത്തൽ നടന്നുവരികയാണ്. ഗിഫ്റ്റി, തിലോപ്പിയ ഇനത്തിൽപ്പെട്ട മൂയിരത്തിലധികം മീൻ കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. ആറു മാസത്തിലൊരിക്കൽ മീൻ വിളവെടുപ്പ് നടത്തുന്നുണ്ട്. മീൻ കാണാൻ നേരത്തെ പലരും എത്തിയിരുന്നു. വള്ളം കൂടി എത്തിയതോടെ കാഴ്ചക്കാർ കൂടുമെന്നാണ് പ്രതീക്ഷ.
വാഗമൺ ടൂറിസവുമായി ബന്ധപ്പെടുത്തി കാണാനെത്തുന്നവർക്കു വള്ളത്തിൽ സവാരി കൂടി ഒരുക്കുന്നത് ആലോചിക്കുകയാണ് പള്ളി അധികൃതർ. പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും സൗകര്യമൊരുക്കി ഒരു ടൂറിസം ഡെസ്റ്റിനേഷൻകൂടിയാക്കി മാറ്റാനാണ് പദ്ധതി.
വികാരി ഫാ. സ്കറിയ വേകത്താനം, ജയ്സൺ തോമസ് വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ, അമൽ ബാബു ഇഞ്ചയിൽ, സണ്ണി കണിയാംകണ്ടത്തിൽ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.