ക്രൈസ്തവ പീഡനത്തിനെതിരേ കടുത്തുരുത്തിയിൽ പ്രതിഷേധം ഇരന്പി
1581424
Tuesday, August 5, 2025 6:40 AM IST
കടുത്തുരുത്തി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീമാരെ അകാരണമായി ജയിലിലടച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരേ ശക്തമായ നടപടികളെടുക്കണമെന്നും ഉത്തരവാദികള്‍ മാപ്പു പറയണമെന്നും ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍. കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപള്ളി ഫൊറോനായുടെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഫ്ഐആര്‍ റദ്ദാക്കണം. തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേയും ആള്‍ക്കൂട്ടവിചാരണ നടത്തിയവര്‍ക്കെതിരേയും നിയമനടപടികൾ വേണം. യോഗത്തില്‍ മാന്നാര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ.സിറിയക് കൊച്ചുകൈപ്പെട്ടിയില്‍, താഴത്തുപള്ളി സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.ഏബ്രഹാം പെരിയപ്പുറം, സിസ്റ്റര്‍ റിന്‍സി എസ്എബിഎസ്, സോണി ജോസഫ് ആദപ്പള്ളില്‍, സന്തോഷ് നടുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. മദര്‍ സുപ്പിരീയര്‍ സിസ്റ്റര്‍ ടിന്സാ എസ്എബിഎസ് പ്രമേയം അവതരിപ്പിച്ചു.
പ്രതിഷേധയോഗത്തിനു മുന്നോടിയായി വായ് മൂടിക്കെട്ടി നടത്തിയ റാലിയില്‍ ആയിരക്കണക്കിനു പേർ പങ്കെടുത്തു. ജോസ് ജയിംസ് നിലപ്പനക്കൊല്ലി, ജോര്‍ജ് ജോസഫ് പാട്ടത്തികുളങ്ങര, മനോജ് ജോസഫ് പുലിയിരിക്കുംതടം, തോമസ് വെട്ടുവഴി, ബെന്നിച്ചന് പുതുകുളത്തില്‍, ടോമി നിലപ്പന, പി.സി. ജോസഫ് പന്തിരുപറ, മറ്റു സംഘടനാ ഭാരവാഹികള്‍, പള്ളികമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.