"തസ്തികനിർണയ വിവരങ്ങൾ പുറത്തുവിടണം'
1579215
Sunday, July 27, 2025 7:16 AM IST
തൃശൂർ: കേരള പൊതുവിദ്യാഭ്യാസമേഖലയിലെ സ്റ്റാഫ് ഫിക്സേഷൻ കഴിഞ്ഞുള്ള വിവരങ്ങൾ പുറത്തുവിടണമെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ഡിഡി ഓഫീസ് മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജോലി നഷ്ടപ്പെടുന്ന അധ്യാപകരുടെ എണ്ണം കൂടുതലാണ്. ഇവർക്കു തൊഴിൽസംരക്ഷണം നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ അധ്യാപകർക്കും നിയമന അംഗീകാരവും ജോലിസംരക്ഷണവും ഉറപ്പാക്കുക, നിഷേധിച്ച ആനുകൂല്യങ്ങളും ശമ്പളപരിഷ്കരണവും ഉടൻ ലഭ്യമാക്കുക, കോൺട്രിബ്യൂട്ടറി പെൻഷൻ ഒഴിവാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, ഒന്പത്, പത്ത് ക്ലാസുകളിൽ 1:40 അനുപാതം നടപ്പാക്കുക, അശാസ്ത്രീയമായ സമയമാറ്റം പിൻവലിക്കുക, ഉച്ചഭക്ഷണത്തുക വർധിപ്പിക്കുക. ആലോചനയില്ലാതെ പ്രഖ്യാപിച്ച മെനു പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു മാർച്ച് നടത്തിയത്.
ജില്ലാ പ്രസിഡന്റ് പി.സി. ശ്രീപദ്മനാഭൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയപ്രകാശ് പാറപ്പുറത്ത് സ്വാഗതവും ജിതേഷ് ബിനു നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ് മുഖ്യപ്രഭാഷണം നടത്തി.