അകമലയിൽ ആനകൾക്കു പുറമെ കടുവയോ ?
1579593
Tuesday, July 29, 2025 1:38 AM IST
വടക്കാഞ്ചേരി: അകമല കുഴിയോട് കടുവയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയ പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചു. രണ്ട് നിരീക്ഷണ ക്യാമറകളാണ് മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജിൽ പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥാപിച്ചത്. അതേസമയം വിഷയം വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റിലപ്പള്ളി വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. നിലവിൽ തിരുവനന്തപുരത്തുള്ള എംഎൽഎ വനം മന്ത്രിയുമായി സംസാരിച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു.
തുടർന്നാണ് രണ്ട് നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും മേഖലയിൽ വനപാലകരുടെ നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകിയത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് രണ്ട് നിരീക്ഷണ കാമറ സ്ഥാപിച്ചത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി .ബി. ഹരിദാസ്, നോബിൻ ജോസ്, ബിഎഫ്ഒ സ്റ്റാൻലിൻ കെ തോമസ്, ഡ്രൈവർ കെ .എസ്. സനീഷ്, റെസ്ക്യൂവർ രതീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കാമറ സ്ഥാപിച്ചത്.
കാമറ ദൃശ്യങ്ങൾ പരിശോധിച്ചതിനുശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
പ്രതിഷേധവുമായി
നാട്ടുകാർ
വടക്കാഞ്ചേരി: അകമല കുഴിയോട് വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ കടുവയുടെ സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയതോടെ ഭീതിയിലായി ജനങ്ങൾ. സ്ഥിരം കാട്ടാന ഇറങ്ങി കൃഷിനാശം വരുത്തുന്ന കുഴിയോട് വെള്ളാംകുണ്ടിൽ ഗോവിന്ദൻകുട്ടിയുടെ കൃഷിയിടത്തിലാണ് തിങ്കളാഴ്ച കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്. അതേസമയം മേഖലയിലെ ജനങ്ങൾ ആകെ ഭീതിയിലാണ്.
രണ്ടുദിവസം മുമ്പ് പ്രദേശവാസിയുടെ വളർത്തുനായയും കാണാതായതായി പറയുന്നുണ്ട്. മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമായ സമയത്ത് വാഴാനി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരെയും വാച്ചർമാരെയും പിൻവലിച്ച വനംവകുപ്പ് മേധാവികളുടെ നടപടിയിലും നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. വന്യമൃഗശല്യത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ ഫോറസ്റ്റ് അധികാരികൾ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.