കോണ്ഗ്രസിൽ സൈബർ പോര്; വിമർശനമുന്നയിച്ച നേതാവിനെ പുറത്താക്കിയതിൽ അമർഷം
1580259
Thursday, July 31, 2025 7:37 AM IST
തൃശൂർ: കോണ്ഗ്രസ് നേതാവ് പാലോട് രവിയെ പിന്തുണച്ചതിനു തൃശൂർ മുൻ ഡിസിസി ജനറൽ സെക്രട്ടറിയും ഗുരുവായൂർ അർബൻ ബാങ്ക് മുൻ പ്രസിഡന്റുമായ പി. യതീന്ദ്രദാസിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതിനുപിന്നാലെ അമർഷം പുകയുന്നു.
അന്പതുവർഷമായി പാർട്ടിയുടെ മുഖമായ പാലോട് രവി പറഞ്ഞ കാര്യങ്ങളിലെ വസ്തുത പരിശോധിക്കാതെ തൽസ്ഥാനത്തുനിന്നു മാറ്റിയതിനെക്കുറിച്ചു സമൂഹമാധ്യമത്തിൽ കുറിപ്പെഴുതിയതിതോടെയാണ് യതീന്ദ്രദാസിനെ പുറത്താക്കിയത്. സത്യവിരുദ്ധമായ പ്രസ്താവനകൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പുറത്താക്കിയത്. ഇത് ഏകപക്ഷീയനടപടിയാണെന്നു യതീന്ദ്രദാസ് ആരോപിക്കുന്നു.
എന്നാൽ, ഈ കത്തിന്റെ പകർപ്പിനൊപ്പം പ്രാഥമിക അംഗത്വം പോലുമില്ലാത്ത തന്നെ എങ്ങനെ പുറത്താക്കുമെന്നു ചൂണ്ടിക്കാട്ടി വീണ്ടും സമൂഹമാധ്യമത്തിൽ വിമർശനമുന്നയിച്ചതോടെ പിന്തുണയുമായി നിരവധിപ്പേർ രംഗത്തെത്തി. തങ്ങളുടെ ഭാര്യമാരും മക്കളും സുരേഷ് ഗോപിക്കു വോട്ടുചെയ്തിട്ടില്ലെന്ന് എത്ര ബ്ലോക്ക് പ്രസിഡന്റുമാർക്കു പറയാൻ കഴിയുമെന്നും പലരുടെയും പ്രൊഫൈലിൽ മോദിച്ചിത്രമല്ലേയെന്നും അദ്ദേഹം ചാദിച്ചു.
സംസ്ഥാനനേതാക്കൾ ബിജെപിയിലേക്കു പോകുന്പോൾമാത്രമാണു വാർത്തയാകുന്നതെന്നും മണ്ഡലം, ബൂത്ത് പ്രവർത്തകർ പോകുന്നതിന്റെ കണക്കു കൈയിലുണ്ടോയെന്നും, പാലോട് രവിയെ പുറത്താക്കുന്നതിനുപകരം ബിജെപി 50,000 വോട്ടുകൾ പിടിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങൾ ഏതൊക്കെയാണെന്നു കണ്ടെത്തുകയാണു വേണ്ടതെന്നും യതീന്ദ്രദാസ് വിമർശനമായി ഉന്നയിച്ചു. ഇതിനു പിന്തുണയുമായി നിരവധി പ്രവർത്തകരും രംഗത്തെത്തി.
2019-നെക്കാൾ ഭൂരിപക്ഷത്തിൽ കേരളത്തിൽ എല്ലായിടത്തും 2024ൽ യുഡിഎഫ് മുന്നേറിയപ്പോൾ തൃശൂരിൽ കെ. മുരളീധരൻ പരാജയപ്പെട്ടതിനുകാരണം പ്രാഥമിക അംഗത്വം പോലുമില്ലാത്തവരാണോ എന്നും ഡിസിസി നേതാവ് പുതുക്കാട് ഭാഗത്തു കെ. മുരളീധരന്റെ ഏഴായിരത്തിലധികം പോസ്റ്ററുകൾ പൂഴ്ത്തിയതിനും തെരഞ്ഞെടുപ്പുപരാജയം സംബന്ധിച്ച് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലും എന്തു നടപടിയെടുത്തെന്നും അദ്ദേഹം ചോദിക്കുന്നു.
യതീന്ദ്രദാസിന്റെ മകനും യുവനേതാവുമായിരുന്ന അഖിൽദാസും നേതൃത്വത്തിനെതിരേ രംഗത്തുവന്നു. സംഘപരിവാറിനെതിരേ ജില്ലയിലെ കോണ്ഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്കു പുറത്താക്കൽ ഗുണംചെയ്യുമെങ്കിൽ ഈ തീരുമാനത്തെ അഭിമാനത്തോടെ സ്വീകരിക്കുമെന്നും മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കിൽ നടക്കില്ലെന്നുമായിരുന്നു കുറിപ്പ്.
സംഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികളൊന്നും നേതൃത്വത്തിനു ചെയ്യാൻ കഴിയുന്നില്ലെന്നും പ്രാദേശികതെരഞ്ഞെടുപ്പിൽ ജില്ലയിലെ പ്രമുഖനേതാക്കൾക്കു കീഴിലുള്ള പഞ്ചായത്തുകളിൽപോലും വിജയിക്കാൻ കഴിയില്ലെന്ന വിമർശനവും യതീന്ദ്രദാസ് ഉന്നയിക്കുന്നു.
കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ എ ഗ്രൂപ്പ് യോഗം ചേർന്നിരുന്നു. ഇതിനുശേഷം ഡിസിസി പ്രസിഡന്റ് ജോഫസ് ടാജറ്റ് ഇല്ലാതിരുന്ന സമയം എം.പി. വിൻസെന്റ് മുറിതുറന്ന് ഗ്രൂപ്പിൽപ്പെട്ടവരുമായി ചർച്ചനടത്തിയെന്നും പ്രസിഡന്റ് വിലക്കിയതോടെ സഹകരണസംഘം ഹാളിലേക്കു മാറ്റിയെന്നും ആരോപണമുണ്ട്.
മുരളീധരന്റെ തോൽവിക്കുപിന്നാലെ പാർട്ടിയിലുണ്ടായ കലഹം ഇപ്പോഴും തുടരുകയാണ്. ജില്ലയിലെ സമരങ്ങളുടെ ഉത്തരവാദിത്വം ഒരുപറ്റം കൗണ്സിലർമാർക്കുമാത്രമായി മാറിയെന്നും ചില നേതാക്കൾ മനപ്പൂർവം വിട്ടുനിൽക്കുന്നെന്ന പരാതിയും ചിലർ ഉന്നയിക്കുന്നുണ്ട്.