വസ്തുനികുതി വർധിപ്പിച്ചതു കോണ്‍ഗ്രസ് ഭരണകാലത്തെന്നു കണ്ടെത്തി: മേയർ
1579864
Wednesday, July 30, 2025 1:48 AM IST
തൃശൂർ: വസ്തുനികുതിപരിഷ്കരണത്തിന്റെ ഭാഗമായി സ്ക്വയര്‍ മീറ്ററിന് എട്ടുരൂപയ്ക്കുപകരം 15 രൂപയായി വര്‍ധിപ്പിച്ചതു 2013ലെ കോണ്‍ഗ്രസ് ഭരണകാലത്താണെന്നു കൗണ്‍സില്‍ യോഗം വിലയിരുത്തിയെന്നു മേയർ എം.കെ. വർഗീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
198 പേര്‍ക്കു 15 രൂപ വര്‍ധനവിന്റെ ഭാഗമായിവരുന്ന അധിക ചാര്‍ജ് അടയ്ക്കേണ്ടതില്ലെന്ന കോടതി ഉത്തരവ് ചര്‍ച്ചചെയ്തപ്പോള്‍ 2013 മേയ് 24നു ചേര്‍ന്ന കൗണ്‍സിലില്‍ സ്ക്വയര്‍ മീറ്ററിനു 15 രൂപയായി നിശ്ചയിച്ചിട്ടുള്ളതായി കണ്ടെത്തി. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിട്ടുള്ളതു കോര്പറേഷന്തലത്തില് വസ്തുനികുതി സ്ക്വയര്‍ മീറ്ററിന് എട്ടു മുതല്‍ 15 രൂപവരെ എത്രയാണെന്നത് അതാത് കൗണ്‍സിലിനു തീരുമാനമെടുക്കാമെന്നാണ്. ഈ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് 15 രൂപയുടെ വര്‍ധന തീരുമാനിച്ചത്.
ഇതിനുശേഷം നിലവില്‍വന്ന എല്‍ഡിഎഫ് കൗണ്‍സില്‍ വസ്തുനികുതിപരിഷ്കരണത്തിന്റെ ഭാഗമായോ മറ്റേതെങ്കിലും രീതിയിലോ വര്‍ധന നികുതിയിനത്തില്‍ വരുത്തിയിട്ടില്ലെന്നു കൗണ്‍സിലിനു ബോധ്യപ്പെട്ടു. ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധിയില്‍ 2013ലെ നികുതിപരിഷ്കരണം നടത്തുമ്പോള്‍ പാലിക്കേണ്ടതായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 2013ലെ നികുതിപരിഷ്കരണത്തിന്റെ ഭാഗമായി വസ്തുനികുതിവര്ധനവിന്റെ തീരുമാനം അന്തിമമായി കൗണ്‍സില്‍ അംഗീകരിച്ചതു പത്രപ്പരസ്യംവഴി അന്നത്തെ കോര്പറേഷന് ഭരണാധികാരികള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നതാണ്.
അതുകൊണ്ട് ഈ തീരുമാനം ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും പറയുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി 2013ലെ വസ്തുനികുതിപരിഷ്കരണത്തിന്റെ കൗണ്‍സില്‍ തീരുമാനം പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. 2013ലെ പരിഷ്കരണത്തിനുശേഷം 2019ലും പുതിയ പരിഷ്കരണ ഉത്തരവുകള്‍ ഇറങ്ങിയിട്ടുണ്ട്.
ഇതിനെയെല്ലാം അടിസ്ഥാനപ്പെടുത്തി ഹൈക്കോടതി ഉത്തരവിനെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ കോര്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. കഴിഞ്ഞ ഒരു മാസക്കാലമായി മുടങ്ങിക്കിടക്കുന്ന തെരുവുവിളക്കുപരിപാലനം പുതിയ കരാറുകാരനെ ഏല്‍പ്പിക്കുക, അക്രമകാരികളായ കാട്ടുപന്നികളെ നിയമപ്രകാരം വെടിവയ്ക്കാൻ രണ്ടു ഷൂട്ടര്മാര്ക്കുകൂടി അംഗീകാരം നല്‍കുക, ലാലൂരില്‍ പുതിയതായി സ്ഥാപിക്കുന്ന കോര്പറേഷന് വൈദ്യുതി വിഭാഗത്തിന്റെ 110 കെവി സബ് സ്റ്റേഷനു കെഎസ്ഇബിയില്‍നിന്ന് വൈദ്യുതി കണക്ഷന് ലഭ്യമാക്കാന്‍ നാലുകോടി രൂപ അനുവദിക്കുക എന്നിവ ഉള്‍പ്പെടെ 102 അജൻഡകളില്‍ തീരുമാനമെടുത്തതായും മേയർ അറിയിച്ചു.