മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലം: ഡ്രോയിംഗ് തയാറാക്കാൻ പച്ചക്കൊടി
1579870
Wednesday, July 30, 2025 1:48 AM IST
വടക്കാഞ്ചേരി: മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലം; ഡ്രോയിംഗ് തയാറാക്കാൻ റെയിൽവേയുടെ ക്ലിയറൻസ്. "ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം' പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി - കരുമത്ര റോഡിൽ മാരാത്തുകുന്ന് ലെവൽക്രോസ് നമ്പർ ഏഴ് റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിനു ഡ്രോയിംഗ് തയാറാക്കാൻ കെ-റെയിൽ കോർപറേഷന് ദക്ഷിണ റെയിൽവേയുടെ ക്ലിയറൻസ് ലഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
എറണാകുളം - ഷൊർണൂർ സെക്ഷനിൽ റെയിൽവേ പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന മൂന്നും നാലും ട്രാക്കുകളുടെ അലൈൻമെന്റുമായി ബന്ധപ്പെട്ട് മേൽപ്പാലങ്ങളുടെ രൂപരേഖയ് ക്ക് റെയിൽവേയുടെ അംഗീകാരം വൈകുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ നിർദിഷ്ട മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന് പുതിയ ട്രാക്കുകളുമായി ബന്ധപ്പെട്ട ക്ലിയറൻസ് നൽകി ജൂലൈ 23ന് ദക്ഷിണ റെയിൽവേ ഉത്തരവായി.
മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലം നിർമാണത്തിന്റെ നിർവഹണ ഏജൻസിയായി സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനെ (കെ-റെയിൽ) ചുമതലപ്പെടുത്തി മാർച്ചിൽ സംസ്ഥാന സർക്കാർ ഉത്തരവായിരുന്നു. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പുവയ് ക്കും.
കെ-റെയിൽ കോർപറേഷന്റെ നേതൃത്വത്തിൽ മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗും എസ്റ്റിമേറ്റും തയാറാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ലെവൽ ക്രോസ് പരിസരത്ത് ഇന്നലെ മണ്ണുപരിശോധന ആരംഭിച്ചു. വടക്കാഞ്ചേരി ബൈപ്പാസിന്റെ ഡിപിആർ തയാറാക്കുന്ന കെആർഎഫ്ബിയുമായി കൂടിയാലോചിച്ചാണ് മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന്റെ ഡ്രോയിംഗ് തയാറാക്കുന്നത്.
ഓട്ടുപാറയിൽനിന്നും മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് ആരംഭിക്കുന്ന രീതിയിലാണു പ്രാഥമികപഠനങ്ങൾ പുരോഗമിക്കുന്നത്. ഓട്ടുപാറയിൽ എങ്കക്കാട് - വാഴാനി റോഡ് ജംഗ്ഷൻ, കുന്നംകുളം റോഡ് ജംഗ്ഷനുകളുടെ വികസനത്തിന് രണ്ടു ബജറ്റുകളിലായി മൂന്നുകോടി രൂപ എംഎൽഎ എന്ന നിലയിൽ വകയിരുത്തിയിട്ടുണ്ടെന്നും വിശദമായ ചർച്ചകൾക്കുശേഷം മാത്രമേ അലൈൻമെന്റ്് അന്തിമമാക്കുകയുള്ളൂവെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.