എന്തു വിധിയിത്... വല്ലാത്ത ചതിയിത്...
1579601
Tuesday, July 29, 2025 1:38 AM IST
തൃശൂർ: കോർപറേഷൻ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം വീണ്ടും പണിമുടക്കിയതോടെ കാർ കുടുങ്ങിയത് ഒന്നരമണിക്കൂർ. വില്ലടം സ്വദേശി രാജന്റെ കാറാണു കുടുങ്ങിയത്.
ഡെത്ത് സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി കോർപറേഷൻ ഓഫീസിൽ എത്തിയ രാജനും മകളും പത്തുമിനിറ്റിനകം മടങ്ങിയെത്തിയെങ്കിലും സ്വന്തം കാർ കിട്ടാൻ ഒന്നരമണിക്കൂറാണു കാത്തുനിൽക്കേണ്ടിവന്നത്. സാങ്കേതികത്തകരാർമൂലമാണു കാർ കുടുങ്ങിയതെന്നു ജീവനക്കാർ പറയുന്നു. പെട്ടെന്നു മടങ്ങേണ്ടതുണ്ടെന്നും താഴെ പാർക്ക് ചെയ്യാമെന്നും അറിയിച്ചിരുന്നെങ്കിലും ജീവനക്കാരുടെ നിർബന്ധത്തിനു വഴങ്ങിയാണു കാർ ഇതിൽ പാർക്ക് ചെയ്തതെന്നു കോർപറേഷൻ പ്രതിപക്ഷം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധമറിയിച്ചും കുടുംബത്തിന് ആശ്വാസമേകിയും പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ സ്ഥലത്തെത്തിയിരുന്നു.
പാർക്കിംഗ് പരിമിതികൾ നേരിട്ടിരുന്ന ഓഫീസ് അങ്കണത്തിൽ ഒരുകോടിയോളം രൂപ ചെലവഴിച്ചു നിർമിച്ച പാർക്കിംഗ് സംവിധാനം കഴിഞ്ഞ ഡിസംബറിലാണ് ഉദ്ഘാടനംചെയ്തത്. മാസങ്ങൾ പിന്നിട്ടിട്ടും തുറന്നുനൽകാതിരുന്ന സംവിധാനം പ്രതിപക്ഷസമരത്തെത്തുടർന്ന് തുറന്നെങ്കിലും അന്നുതന്നെ കന്പികൾപൊട്ടി രണ്ടു കാറുകൾ കുടുങ്ങിയിരുന്നു.
ഇതിനുമുൻപും പിൻപുമായി 28 കാറുകൾ കുടുങ്ങിയിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.സ്വകാര്യസ്ഥാപനങ്ങളിൽ മൾട്ടിലെവൽപാർക്കിംഗ് സംവിധാനം സുഗമമായി പ്രവർത്തിക്കുന്പോഴും കോർപറേഷനിലെ പാർക്കിംഗ് സംവിധാനം അടിക്കടി പണിമുടക്കുന്നതിൽ വിജിലൻസ് അന്വേഷണം വേണമെന്നും രാജൻ പല്ലൻ ആവശ്യപ്പെട്ടു. ഇന്നു നടക്കുന്ന കൗണ്‍സിൽ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കും.