കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തം
1579590
Tuesday, July 29, 2025 1:38 AM IST
ചാലക്കുടി: ഛത്തീസ്ഗഡിൽ കന്യകാസ്ത്രീകളെ അന്യായമായി തുറുങ്കിലടച്ചതിൽ പ്രതിഷേധിച്ച് സെന്റ് മേരിസ് ഫൊറോന പള്ളി കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തംകൊളുത്തി പ്രകടനംനടത്തി.
വികാരി ഫാ. വർഗീസ് പാത്താടൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ക്രിസ്റ്റി ചിറ്റക്കര, ഫാ. അഖിൽ തണ്ടിയേക്കൽ, കേന്ദ്ര സമിതി പ്രസിഡന്റ് ജോസി കോട്ടേക്കാരൻ, രൂപത കുടുംബസമ്മേളന പ്രസിഡന്റ് ജോഷി പുത്തിരിക്കൽ തുടങ്ങിയവർ നേതൃത്വംനൽകി. കന്യാസ്ത്രീകളടക്കം നൂറുകണക്കിന് വിശ്വാസികൾ പന്തംകൊളുത്തി പ്രകടനത്തിൽ പങ്കെടുത്തു. വൈകിട്ട് സെന്റ് മേരിസ് ഫൊറോന ദേവാലയത്തിൽനിന്നു ആരംഭിച്ച പ്രകടനം വികാരി ഫാ. വർഗീസ് പത്താടൻ പന്തംകൊളുത്തി ഉദ്ഘാടനംചെയ്തു.
ചാലക്കുടി: ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ അന്യായമായി ജയിലടച്ചതിൽ പ്രതിഷേധിച്ച് ബ്ലോക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സൗത്ത് ജംഗ്ഷനിൽ പ്രതിഷേധജ്വാല തെളിയിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ഒ. പൈലപ്പൻ ഉദ്ഘാടനംചെയ്തു. പരിയാരം ബ്ലോക്ക് പ്രസിഡന്റ് എം.ടി. ഡേവിസ്, സിജി ബാലചന്ദ്രൻ, ഷോൺ പല്ലിശേരി, ഫിൻസൊ തങ്കച്ചൻ തുടങിയവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട: നിരപരാധികളായ രണ്ടു കന്യാസ്ത്രീകളെ ഛത്തീസ്ഗഡ് പോലീസ് കസ്റ്റഡിയിലെടുത്തതിലൂടെ ഭരണാധികാരികളും പോലീസും ഒത്തുചേർന്ന് ഭരണകൂടഭീകരതയിലൂടെ രാജ്യത്ത് മനുഷ്യാവകാശലംഘനം നടത്തിയിരിക്കുകയാണെന്ന് ഡിഎഫ്സി ഇരിങ്ങാലക്കുട രൂപത പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ ജോസഫ് വാസുപുരത്തുകാരൻ പ്രതിഷേധയോഗത്തില് ആരോപിച്ചു.
ഇന്ത്യയിൽ പലഭാഗത്തും മതപരിവർത്തന നിയമത്തിന്റെ പേരിൽ മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്നു. കൂടാതെ ന്യൂനപക്ഷ പീഡനം വ്യാപകമായി നടക്കുന്നു. രാജ്യത്ത് നീതിപൂർവമായ നടപടി സ്വീകരിക്കണമെന്ന് ഡിഎഫ്സി നേതൃത്വം ഭരണകൂടത്തോടും പോലീസിനോടും ആവശ്യപ്പെട്ടു.
യോഗത്തിൽ രൂപത ഡയറക്ടർ ഫാ. ജോൺ കവലക്കാട്, വൈസ് പ്രസിഡന്റ് പിന്റോ ചക്കാലക്കൽ, സെക്രട്ടറി തോമസ് പള്ളിപ്പാട്. ട്രഷറർ അഗസ്റ്റിൻ കലിപ്പായി. ജിജോ വാഴപ്പിള്ളി. പോളി തെക്കിനിയത്ത്. വർഗീസ് പോളി മകരപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.