ജൂബിലിയിൽ മെഗാ ഇഎം സോണോയും എക്സാംതലോനും പൂർത്തിയായി
1580267
Thursday, July 31, 2025 7:37 AM IST
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ മെഗാ ഇഎം സോണോ 2025 എന്ന പേരിൽ സംഘടിപ്പിച്ച അൾട്രാസൗണ്ടിലെ ലൈവ് ഹാൻഡ്സ് ഓണ്‍ പരിശീലനം വിജയകരമായി പൂർത്തിയായി. രാജ്യത്തുതന്നെ ഒരേസമയം 100 ഡോക്ടർമാർക്കാണ് ഇതിലൂടെ പരിശീലനം നൽകിയത്.
എമർജൻസി മെഡിസിൻ മേഖലയ്ക്കുപുറമെ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടർമാർ പങ്കെടുത്ത ശില്പശാല രോഗനിർണയത്തിനുള്ള നിർണായകവും അടിയന്തരവുമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിൽ ഏറെ സഹായകമായി.
ഡൽഹി എയിംസിലെ എമർജൻസി വിഭാഗം പ്രഫസറും ലോകാരോഗ്യസംഘടനയുടെ കൊളാബ്രേറ്റിംഗ് സെന്റർ ഫോർ എമർജൻസി ആൻഡ് ട്രോമയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയന്റെ ഡയറക്ടറുമായ ഡോ. സഞ്ജീവ് ഭോയി ശില്പശാല ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, പ്രിൻസിപ്പൽ പ്രഫ. എം.എ. ആൻഡ്രൂസ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര, ഡോ. പി.സി. രാജീവ്, ഡോ. വിജയ് ചഞ്ചൽ എന്നിവർ പ്രസംഗിച്ചു.
ഡോ. ഡിയോ മാത്യുവിന്റെ നേതൃത്വത്തിൽ അവസാനവർഷ എംഡി എമർജൻസി മെഡിക്കൽ വിദ്യാർഥികൾക്കായി മെഗാ എക്സാംതലോണ് എന്ന പരീക്ഷാ അനുകരണപരിപാടിയും കേരളത്തിലെ എമർജൻസി മെഡിസിൻ മേഖലയിലുള്ള നാല്പതിലധികം ഡോക്ടർമാർ പങ്കെടുത്ത ആസസേർസ് ട്രെയ്നിംഗ് പ്രോഗ്രാം 2.0 എന്ന ഫാക്കൽട്ടി ഡെവലപ്മെന്റ് സെഷനും നടന്നു.