കിച്ചണ്‍ കം സ്റ്റോര്‍ ബലപ്പെടുത്താന്‍ നടപടി ആരംഭിച്ചു
1579366
Monday, July 28, 2025 1:42 AM IST
ആനന്ദപുരം: മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം ജിയുപിഎസ് സ്കൂളിലെ കിച്ചണ്‍ കം സ്റ്റോര്‍ ബലപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു.
പൊതുവിദ്യാഭ്യാസവകുപ്പിന്റെ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിപ്രകാരം കേന്ദ്ര, സംസ്ഥാന വിഹിതമായ ഏഴുലക്ഷത്തിലധികം രൂപ വകയിരുത്തി 340 ചതുരശ്രയടി വിസ്തൃതിയില്‍ നിര്‍മിച്ച കിച്ചണ്‍ കം സ്റ്റോറിന്റെ തറയിലാണ് വിള്ളല്‍ വീണത്.
2024 നവംബര്‍ 18ന് മന്ത്രി ആര്. ബിന്ദുവാണ് ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടന കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ കെട്ടിടത്തിന്റെ തറഭാഗത്ത് വിള്ളല്‍ കണ്ടതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നതായി സ്കൂള്‍ ഹെഡ്മിസ്ട്രസ് ഇ.ടി. ബീന പറഞ്ഞു. മണ്ണിന്റെ ഘടനമൂലം കെട്ടിടത്തിന് ചെറിയ ചെരിവും വന്നിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പൊതുമരാമത്ത് എന്‍ജിനീയറുടെ നേതൃത്വത്തില്‍ വിദഗ്ധരായ ഉദ്യോഗസ്ഥര്‍ പരിശോധനനടത്തി കെട്ടിടം ബലപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരിഹാരപ്രവൃത്തികളുടെ ഭാഗമായാണ് താത്കാലിക തൂണുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
മഴമൂലം പണികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. പണികള്‍ പൂര്‍ത്തിയാക്കി പ്രവേശനാനുമതി ലഭിച്ചതിനുശേഷം മാത്രമേ പുതിയ പാചകപ്പുരയിലേക്ക് പ്രവേശിക്കുകയുള്ളൂവെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു.