ന്യൂനപക്ഷവേട്ട; ബിജെപിയുടെ തനിനിറം പുറത്ത്: ജോസഫ് ടാജറ്റ്
1579598
Tuesday, July 29, 2025 1:38 AM IST
തൃശൂർ: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകൾക്കുനേരെ നടന്ന അതിക്രമത്തിലൂടെയും അറസ്റ്റിലൂടെയും ബിജെപിയുടെ തനിനിറം വ്യക്തമായെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. ഡിസിസിയുടെ ആഹ്വാനപ്രകാരം തൃശൂർ, അയ്യന്തോൾ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തെക്കേഗോപുരനടയിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്മസ് കേക്കുകളുമായി അരമനകൾതോറും കയറിയിറങ്ങുന്നവരുടെ മനസിൽ ന്യൂനപക്ഷവിരുദ്ധതയാണ്. സമീപകാലത്തായി രാജ്യത്ത് ക്രൈസ്തവസമൂഹത്തിനുനേരെ സംഘടിതമായ ആക്രമണങ്ങളാണു നടക്കുന്നത്. കുറ്റക്കാർക്കെതിരേ നടപടിയില്ല. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവൃത്തികൾക്കെതിരേ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. രാജ്യം മുഴുവൻ ഞെട്ടിയ സംഭവമുണ്ടായിട്ടും കേരളത്തിൽനിന്നുള്ള ഏക എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പ്രതികരിക്കാത്തതു കുറ്റബോധം കൊണ്ടാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
തൃശൂർ ബ്ലോക്ക് പ്രസിഡന്റ് ഫ്രാൻസിസ് ചാലിശേരി, എം.പി. വിൻസെന്റ്, രാജേന്ദ്രൻ അരങ്ങത്ത്, എ. പ്രസാദ്, ജോണ്‍ ഡാനിയൽ, ഐ.പി. പോൾ, രാജൻ പല്ലൻ, ബൈജു വർഗീസ്, കെ.എച്ച്. ഉസ്മാൻ ഖാൻ, കെ. ഗിരീഷ്കുമാർ, ലാലി ജെയിംസ്, ജയപ്രകാശ് പൂവ്വത്തിങ്കൽ, സിന്ധു ആന്റോ ചാക്കോള, സുനിത വിനു, റെജി ജോയ്, വില്ലി ജിജോ, മേഴ്സി അജി, മേഫി ഡെൽസണ്‍ എന്നിവർ നേതൃത്വം നൽകി.