വസ്തുനികുതിയിൽ കൊന്പുകോർത്ത് ഭരണ പ്രതിപക്ഷ അംഗങ്ങൾ
1579863
Wednesday, July 30, 2025 1:48 AM IST
തൃശൂർ: വസ്തുനികുതിയിൽ കൊന്പുകോർത്ത് ഭരണപ്രതിപക്ഷ അംഗങ്ങൾ. വികാരാധീനനായി പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ. ഭരണമുന്നണിയെ പുകഴ്ത്താൻ ശ്രമിച്ച ഭരണമുന്നണി കൗണ്‍സിലറുടെ ഡയലോഗിനു കടുംവെട്ടു വെട്ടി മേയർ. ഇരുകൂട്ടരും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നുവെന്ന് ബിജെപി.
ഇന്നലെ നടന്ന കൗണ്‍സിൽ യോഗത്തിൽ പതിവു നാടകീയനിമിഷങ്ങൾ ഇല്ലായിരുന്നെങ്കിലും ആദ്യ അജൻഡയിൽതന്നെ ചർച്ച നീണ്ടതു മണിക്കൂറുകളോളമാണ്.
താൻ മേയറായിരിക്കെ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളിൽ അരിശംപൂണ്ട എൽഡിഎഫ്, ഭരണം മാറിയപ്പോൾ തന്നെ വേട്ടയാടുകയാണെന്നു പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ആരോപിച്ചു. പൂത്തോൾ, കിഴക്കേകോട്ട, പടിഞ്ഞാറേകോട്ട തുടങ്ങിയ വിവിധ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വികാരാധീനമായ പ്രതികരണം. എൽഡിഎഫ് ഭരണസമിതിയുടെ നികുതിക്കൊള്ള പിരിവിനു തന്റെ പേര് വലിച്ചിഴയ്ക്കുന്നതും തന്റെ വികസനപ്രവർത്തനങ്ങളിൽ ഉള്ള കണ്ണുകടി മൂലമാണ്.
നികുതിപരിഷ്കാരം ഹൈക്കോടതി റദ്ദാക്കിയത് അംഗീകരിക്കണമെന്നും സുപ്രീം കോടതിയിൽ വീണ്ടും പോകാനുള്ള ഭരണസമിതിയുടെ നീക്കം എന്തു വിലകൊടുത്തും തടയുമെന്നും രാജൻ പല്ലൻ പറഞ്ഞു.
പ്രതിപക്ഷനേതാവിന്റെ വാദങ്ങൾക്കു തടയിടാനുള്ള നീക്കങ്ങളുമായി ഭരണസമിതി അംഗങ്ങൾ രംഗത്തുവന്നത്തോടെ, ഇരുകൂട്ടരുടെയും നാടകം അവസാനിപ്പിക്കണമെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടരുതെന്നും ബിജെപി കൗണ്‍സിലർ എൻ. പ്രസാദ് പറഞ്ഞു. ഹൈക്കോടതിവിധിക്കെതിരേ അപ്പീൽ പോകുന്നത്തിൽ അവർ വിയോജിപ്പ് അറിയിച്ചു.
യോഗത്തിന്റെ തുടക്കത്തിൽതന്നെ വിഷയത്തിൽ പിന്നീട് ചർച്ച നടത്താമെന്നും ആദ്യം അജൻഡ വായനയെന്നും മേയർ അറിയിച്ചതും പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെ എൽഡിഎഫ് ഭരണനേട്ടങ്ങളെ പ്രശംസിച്ചുകൊണ്ടുള്ള ഭരണമുന്നണി കൗണ്‍സിലറുടെ വാക്കുകൾക്കു മേയർ കടുംവെട്ടും വെട്ടി. അജൻഡയിൽ ഉള്ള കാര്യത്തിൽ സംസാരം മതിയെന്നും അല്ലാത്ത കാര്യത്തിൽ സംസാരിക്കേണ്ട എന്നുമായിരുന്നു മേയറുടെ താക്കീത്.
ഇതിനിടെ, വിഷയത്തിൽ അന്വേഷണം നടക്കട്ടെയെന്നും സത്യം അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടെന്നും തെറ്റ് ആരുടെ ഭാഗത്തതാണ് ഉണ്ടായതെന്നറിയാമെന്നു ഭരണമുന്നണി കൗണ്‍സിലർ വർഗീസ് കണ്ടംകുളത്തി അഭിപ്രായപ്പെട്ടു. ആർക്കും ബാധ്യത വരാതെ നിയമനടപടികളുമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വസ്തുനികുതിപരിഷ്കാരം റദ്ദാക്കിയ ഹൈക്കോടതി പൊതുവിധി അംഗീകരിക്കണമെന്നും എൽഡിഎഫ് ഭരണസമിതിയുടെ നികുതിവേട്ട അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ പ്ലക്കാർഡുകളുമായിട്ടാണ് കോണ്‍ഗ്രസ് കൗണ്‍സിലർമാർ എത്തിയത്.
യോഗത്തിന്റെ തുടക്കത്തിൽ വായിച്ച അനുശോചനപ്രമേയത്തിൽ അയ്യന്തോളിലെ അപകടത്തിൽ മരിച്ച ഏബലിന്റെ മരണം വാഹനാപകടത്തിൽ എന്നു പറഞ്ഞതിൽ പ്രതിപക്ഷ കൗണ്‍സിലർ ജോണ്‍ ഡാനിയൽ എതിർപ്പു പ്രകടിപ്പിച്ചു. അതൊരു വാഹനാപകടം അല്ല. റോഡിലെ കുഴിമൂലം എന്നുതന്നെ പറയണമെന്നും ആവശ്യപ്പെട്ടു.