വാടാനപ്പിള്ളി ബീച്ചിൽ കടലാക്രമണം രൂക്ഷം
1579381
Monday, July 28, 2025 1:42 AM IST
വാടാനപ്പിള്ളി: വാടാനപ്പിള്ളി ബീച്ചിൽ കടലാക്രമണം രൂക്ഷം. കടൽ ഭിത്തികൾ തകർത്താണ് തിരയടിച്ച് കരയിലേക്ക് കയറുന്നത്. പൊക്കത്തിൽ തിരയടിക്കുന്നതോടെയാണ് ഭിത്തികൾ ഏറെയും തകർന്നത്. ഭിത്തിക്ക് മുകളിലൂടെ വെള്ളം കയറുന്നതോടെ വീടുകളുടെ മുറ്റത്തും പറമ്പുകളിലും കനത്ത വെള്ളക്കെട്ടാണ്.
വാടാനപ്പിള്ളി ബീച്ച്, സൈനുദ്ദീൻ നഗർ, ഗണേശമംഗലം ബീച്ച്, പൊക്കാഞ്ചേരി ബീച്ച് എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായി തുടരുന്നത്. തിരയടിക്കുന്നതോടെ തെങ്ങുകൾ കടപുഴകുകയാണ്. കഴിഞ്ഞദിവസം ഒരു വീട് തകർന്നിരുന്നു. ഇനിയും കടലാക്രമണം തുടർന്നാൽ കൂടുതൽവീടുകൾ തകരുമെന്ന അവസ്ഥയാണ്.
കടലാക്രമണത്തെ തടയാൻ പുലിമുട്ട് നിർമിക്കണമെന്ന വർഷങ്ങളോളമായുള്ള ആവശ്യം ഇനിയും നടപ്പിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ വാടാനപ്പിള്ളി ബീച്ച് മുതൽ പൊക്കാഞ്ചേരി ബീച്ച് വരെ അര കിലോമീറ്ററോളം ദൂരം കര കടലെടുത്തിരുന്നു. ഇക്കാലയളവിനുള്ളിൽ നൂറിലധികം വീടുകൾ തകർന്നിരുന്നു. തകർന്ന സീ വാൾ റോഡിന് പകരം പുതിയ റോഡ് നിർമിച്ചതും കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ദിശയറിയാൻ സ്ഥാപിച്ച ഗൈഡ്ലൈറ്റും കടലാക്രമണത്തിൽ തകർന്നിരുന്നു.
എംപിമാരും എംഎൽഎമാരും കടലാക്രമണ സമയത്ത് ബീച്ച് സന്ദർശിക്കുന്നതല്ലാതെ പുലിമുട്ട് നിർമിക്കാനുള്ള ഒരു ശാശ്വത പരിഹാരം നടപ്പിലാക്കാൻ കഴിയാത്തതിൽ കടലോര നിവാസികൾക്ക് പ്രതിഷേധമുണ്ട്.