ജീവകാരുണ്യപ്രവർത്തനങ്ങൾക്കു ഫണ്ട് സ്വരൂപിക്കാൻ ഭക്ഷ്യമേള
1580255
Thursday, July 31, 2025 7:37 AM IST
ചാലക്കുടി: കാർമൽ അക്കാദമിയിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാവശ്യമായ തുക സമാഹരിക്കുന്നതിനായി കാർമൽ ഫെയർ എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. മേള സ്കൂൾ മാനേജർ ഫാ. അനൂപ് ആന്റോ പുതുശേരി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ ഫാ. ജെയിംസ് ഷെൽബി ആലപ്പാട്ട് പ്രസംഗിച്ചു.
കുട്ടികൾ പാകം ചെയ്തുകൊണ്ടുവന്ന വിവിധതരം ലഘുഭക്ഷണസാധനങ്ങൾ, നാടൻ ഭക്ഷ്യവിഭവങ്ങൾ, മധുരപലഹാരങ്ങൾ, ശീതളപാനീയങ്ങൾ, വൈവിധ്യമാർന്ന കേക്കുകൾ, വിദേശരുചിക്കൂട്ടുകൾ തുടങ്ങി നൂറിൽപരം വിഭവങ്ങളാണ് വിവിധ കൗണ്ടറുകളിലായി നിരന്നത്. എല്ലാ ഭക്ഷണസാധനങ്ങൾക്കും 10 രൂപ മാത്രമാണ് ഈടാക്കിയത്.
ഭക്ഷ്യമേളയിൽനിന്നും സ്വരൂപിച്ച തുക കാരുണ്യപ്രവർത്തികൾക്കായി ഉപയോഗിക്കും. ഭക്ഷ്യമേളയോടൊപ്പം കുട്ടികൾക്കായി വൈവിധ്യമാർന്ന ഗെയിമുകളും കലാപരിപാടികളും നടത്തി.