ബിജെപി നിലപാടുകൾ ആർഎസ്എസിന്റെ ഇംഗിതത്തിനനുസരിച്ച്: കെ.ജി. ശിവാനന്ദന്
1579868
Wednesday, July 30, 2025 1:48 AM IST
തൃശൂര്‍: ആര്‍എസ്എസിന്റെ ഇംഗിതം പരിഗണിച്ചാണു ബിജെപിയിലെ നേതാക്കള്‍ നിലപാടുകള്‍ കൈക്കൊള്ളുന്നതെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി തടവിലാക്കിയതിനെതിരേ എഐവൈഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സംഭവത്തില്‍പോലും പ്രതികരിക്കാന്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ബിജെപി നേതാക്കളും തയാറാകുന്നില്ല. തെരഞ്ഞെടുപ്പുസമയത്ത് മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുനല്കിയിരുന്ന കേന്ദ്രം ഇപ്പോഴതു മറന്നമട്ടാണ്. 125 എപ്പിസോഡുകള്‍ പിന്നിട്ട പ്രധാനമന്ത്രിയുടെ മന് കി ബാത്തില്‍ മണിപ്പുർ ആക്രമണങ്ങളെക്കുറിച്ച് പറയാതിരുന്നത് പ്രധാനമന്ത്രി ആര്‍എസ്എസിന്റെ ശക്തമായ സ്വാധീനത്തിലാണെന്നതിനു തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍ അധ്യക്ഷത വഹിച്ചു. വി.എസ്. സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ടി പ്രദീപ്കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.