കർഷകർ ക്ഷീരസംഘത്തിനു മുന്നിൽ പാലൊഴിച്ച് പ്രതിഷേധിച്ചു
1579380
Monday, July 28, 2025 1:42 AM IST
എരുമപ്പെട്ടി: മാസങ്ങളായി പാൽ അളന്ന പണം ലഭിക്കാത്തതിൽ ക്ഷീരകർഷകർ എരുമപ്പെട്ടി പഞ്ചായത്ത് ക്ഷീര വ്യവസായ സഹകരണ സംഘത്തിന് മുന്നിൽ പാൽ ഒഴിച്ച് പ്രതിഷേധിച്ചു. മൂന്ന് മാസമായി കർഷകർക്ക് പാൽ അളന്ന പണം ലഭിച്ചിട്ട്. നിരന്തരം പണം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ അവധികൾ പറഞ്ഞ് നീട്ടി കൊണ്ട് പോവുകയാണ്.
ഇതിനെ തുടർന്നാണ് ഇന്നലെ രാവിലെ ആറരയോടെ കർഷകർ ക്ഷീര സംഘം ഓഫീസിലെത്തി പ്രതിഷേധിച്ചത്. മുപ്പതിനായിരം രൂപവരെ ലഭിക്കാനുണ്ടെന്ന് കർഷകർ പറയുന്നു. മൊത്തം അഞ്ച് ലക്ഷത്തിലധികം രൂപ പാൽ അളന്നവകയിൽ കർഷകർക്ക് സൊസൈറ്റി നൽകുവാനുണ്ടെന്നും കർഷകർ പറയുന്നു.
42 രൂപയ്ക്ക് കർഷകരിൽ നിന്നും പാൽ സംഭരിച്ച് 55 രൂപയ്ക്കാണ് സൊസൈറ്റി പുറമേ വിൽക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് സെക്രട്ടറി എത്തിയെങ്കിലും കർഷകർക്ക് ലഭിക്കേണ്ട പണം എന്ന് നൽകുമെന്നതിനെ കുറിച്ച് പറയാൻ തയ്യാറായില്ലായെന്നും പ്രസിഡന്റിനെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിട്ടും നേരിട്ട് വരുവാനോ ഫോണെടുക്കുവാനോ തയ്യാറായില്ലായെന്നും കർഷകർ പറയുന്നു.
തുടർന്ന് എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ കർഷകർ പരാതി നൽകി. കോൺഗ്രസ് നേതാക്കളായ അമ്പലപ്പാട്ട് മണികണ്ഠൻ, എം.എം. നിഷാദ്, എൻ.കെ. കബീർ, അജു നെല്ലുവായ്, പി.എസ്. സുനീഷ്, എം.സി. ഐജു എന്നിവരും കർഷകർക്ക് പിന്തുണയർപ്പിച്ച് എത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് മുമ്പ് സമരം നടത്തിയിരുന്നു. കർഷകർക്ക് അവരുടെ അർഹതപ്പെട്ട പണം ലഭിക്കുന്നത് വരെ സമര പ്രക്ഷോഭ പരിപാടികളുമായി കൂടെയുണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.