കേന്ദ്ര സഹകരണനയം ഫെഡറൽ തത്വങ്ങൾക്കെതിര്: എം.വി. ജയരാജൻ
1579368
Monday, July 28, 2025 1:42 AM IST
ശ്രീനാരായണപുരം: കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള സഹകരണനയം ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ അഭിപ്രായപ്പെട്ടു.
കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) ജില്ലാസമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സഹകരണനയത്തിൽ ഉൾപ്പെട്ടിട്ടുള്ള പല ഘടകങ്ങളും കേരളം നടപ്പിലാക്കിയിട്ടുള്ളവയാണ്. സംസ്ഥാനത്ത് സഹകരണമേഖല ശക്തമാണ്. ഒരു വ്യക്തിയുടെ ജനനം മുതൽ മരണംവരെയുള്ള എല്ലാ ആവശ്യങ്ങളിലും സഹകരണസ്ഥാപനങ്ങളുടെ സഹായവും ഇടപെടലുമുണ്ട്. ലോകത്തുതന്നെ ശ്രദ്ധിക്കപ്പെടുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിപോലെയുള്ള സഹകരണ സ്ഥാപനങ്ങൾ കേരളത്തിനകത്ത് നിലനിൽക്കുന്നു.
കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ ഏവരാലും ശ്രദ്ധിക്കപ്പെട്ടുനിൽക്കുമ്പോൾ ചില ഒറ്റപ്പെട്ട, ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉയർത്തിക്കാട്ടി തകർന്നുവെന്ന് വരുത്തിതീർക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ.ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ, ഏരിയ സെക്രട്ടറി മുസ്താക്കലി, യൂണിയൻ ജില്ലാ സെക്രട്ടറി സി.ഡി. വാസുദേവൻ, യൂണിയൻ ഏരിയ സെക്രട്ടറി എ. വിനോദ്, കെ.വി. രാജേഷ്, കെ.കെ. അബിദലി, ടി.കെ. രമേഷ് ബാബു, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, ഇ.ജി. സുരേന്ദ്രൻ, രാജി ആൽഫ തുടങ്ങിയവർ പ്രസംഗിച്ചു.