വീടുകളും കെട്ടിടവും തകർന്നു
1579374
Monday, July 28, 2025 1:42 AM IST
കെട്ടിടം തകർന്നുവീണു
കുന്നംകുളം: പഴുന്നാനയിൽ കെട്ടിടം തകർന്നുവീണ് അപകടം. പഴുന്നാന സ്കൂളിനുസമീപം സ്ഥിതിചെയ്യുന്ന പഴയ കെട്ടിടമാണ് ഇന്നലെ പുലർച്ചെ നാലോടെ തകർന്നുവീണത്. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഒരു കെട്ടിടമാണിത്.
പഴുന്നാന - പുതുശേരി മെയിൻ റോഡിലേക്കാണു കെട്ടിടത്തിന്റെ ബീമുകളും വലിയ കല്ലുകളും ഉൾപ്പടെ പതിച്ചത്. പുലർച്ചെയായതിനാൽ റോഡിലും മറ്റും ആളുകളും വാഹനങ്ങളും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. പിന്നീട് ജെസിബി എത്തിയാണ് കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്തത്. കഴിഞ്ഞദിവസം ചൊവ്വന്നൂർ ബസ് സ്റ്റോപ്പിനുസമീപം പഴയ കെട്ടിടം മെയിൻ റോഡിലേക്ക് തകർന്നുവീണിരുന്നു.
കാരൂരില്‍ വീട് തകര്‍ന്നു
ആളൂര്‍: ശക്തമായ മഴയില്‍ ആളൂര്‍ പഞ്ചായത്തിലെ കാരൂരില്‍ വീട് ഭാഗികമായി തകര്‍ന്നുവീണു. കാരൂര്‍ ഞര്ളേലി സോജന് ദേവസിയുടെ ഓടുമേഞ്ഞ വീടാണ് തകര്‍ന്നുവീണത്. ഇന്നലെ രാവിലെ ഏഴോടെയാണു സംഭവം. വീടിന്റെ അടുക്കളവശം വന്‍ ശബ്ദത്തോടെ തകര്‍ന്ന് വീഴുകയായിരുന്നു. ആളപായമില്ല. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി.
പുത്തൂക്കാവില്‍ വീടിന്റെ മേല്‍ക്കൂര തകർന്നു
കൊടകര: പുത്തൂക്കാവില്‍ തേക്കുമരം കടപുഴകിവീണ് ഭാഗികമായി കേടുപറ്റി. പുത്തുക്കാവ് കാട്ടുപറമ്പന്‍ ജോര്‍ജിന്റെ വീടിനു മുകളിലേക്കാണു കാറ്റില്‍ തേക്കുമരം വീണത്. വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നുവീണെങ്കിലും ആളപായമുണ്ടായില്ല.
വീട് തകർന്നു;
ഗൃഹനാഥയ്ക്കു പരിക്ക്
ഗുരുവായൂർ: ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. ഗൃഹനാഥയ്ക്കു പരിക്കേറ്റു. പാലുവായ് തൈക്കണ്ടിപ്പറമ്പിൽ അബ്ദുൽ മജീദിന്റെ വീടാണു തകർന്നത്. ഭാര്യ റംലക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയുണ്ടായ മഴയിലാണ് ഓടിട്ട വീടിന്റെ മുകൾവശം തകർന്നു വീണത്. ശബ്ദം കേട്ട് മജീദ് വീടിനുപുറത്തേക്ക് ഇറങ്ങി. അസുഖബാധിതയായ റംലയ്ക്ക് പെട്ടെന്ന് പുറത്തിറങ്ങാനായില്ല. ഇതിനിടയിൽ മരത്തടി വീണാണ് റംലയുടെ കൈക്കു പരിക്കേറ്റത്. പിന്നീട് മജീദും അയൽവാസികളും ചേർന്നാണ് ഇവരെ പുറത്തേക്കെ ത്തിച്ചത്. വീട് താമസ യോഗ്യമല്ലാത്തതിനാൽ ഇവർ തൊട്ടടുത്ത വീട്ടിൽ അഭയം തേടി.