വനിതാഡോക്ടറെ കൈയേറ്റംചെയ്ത പ്രതി അറസ്റ്റിൽ
1580274
Thursday, July 31, 2025 7:37 AM IST
മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂണിയർ വനിതാ ഡോക്ടറെ കൈയേറ്റംചെയ്തെന്ന പരാതിയിൽ ചികിത്സയിലുള്ള രോഗിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം നെടുമങ്ങാട് രതീഷ് നിവാസിൽ രതീഷാണ് (37) അറസ്റ്റിലായത്. കഴിഞ്ഞദിവസം രാവിലെ ചികിത്സതേടിയെത്തിയപ്പോൾ ഇയാൾ ഡോക്ടറെ ഉപദ്രവിച്ചതെന്നാണു പരാതി.
ഷൊർണൂരിൽ റെയിൽവേ ഇലക്ട്രിക്കൽ ജോലികൾക്കായി എത്തിയ ഇയാൾ താമസസ്ഥലത്തു തറയിൽ വീണു മൂക്കിനു ഗുരുതരപരിക്കേറ്റാണു ചികിത്സയ്ക്കെത്തിയത്. പരിക്ക് ഗുരുതരമായതിനാൽ ട്രോമ കെയർ ഐസിയുവിലേക്കു മാറ്റി. ഇവിടെവച്ചാണു ഡോക്ടറെ കൈയേറ്റംചെയ്യുകയും അസഭ്യം പറയുകയും ചെയ്തത്.
ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നതിനാൽ പോലീസ് കേസെടുക്കുക മാത്രമാണ് ആദ്യംചെയ്തത്. പിന്നീട് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അക്രമത്തിൽ ഡോക്ടർമാർ പ്രതിഷേധിച്ചു.