രണ്ടര ദിവസം: ബൈക്ക് പാർക്കിംഗിന് ഈടാക്കിയത് 845 രൂപ..!
1579376
Monday, July 28, 2025 1:42 AM IST
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗിന്റെ പേരിൽ പകൽക്കൊള്ള. 19ന് സ്റ്റേഷനിൽ പാർക്ക് ചെയ്ത ബൈക്ക് 21ന് എടുക്കുന്പോൾ 845 രൂപയാണ് ഈടാക്കിയത്. ആകെ രണ്ടു ദിവസവും 15 മണിക്കൂറുമാണു പാർക്ക് ചെയ്തത്. പാർക്കിംഗ് നിരക്ക് മേയ്, ജൂണ്‍ മാസങ്ങളിൽ രണ്ടു ഘട്ടങ്ങളിലാണ് അമിതമായി വർധിപ്പിച്ചത്. എന്നാൽ, ആനുപാതികമായ സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടില്ല. ഇപ്പോഴത്തെ കണക്കു നോക്കിയാൽ 50 മുതൽ 70 ശതമാനംവരെ ഒറ്റയടിക്കു നിരക്കുകൂട്ടി. പ്രീമിയമെന്ന പേരിലാണു വൻ കൊള്ള നടക്കുന്നത്. റെയിവേ സ്റ്റേഷന്റെ പ്രധാന കവാടത്തിനരികെ പാർക്ക് ചെയ്യാമെന്നതാണു പ്രീമിയം കൊണ്ട് ഉദ്ദേശിക്കുന്നത്.
അമിത നിരക്കിനെതിരേ മേയിൽ റെയിൽവേയ്ക്കു പരാതിനൽകിയെങ്കിലും മറുപടിപോലും ലഭിച്ചില്ലെന്നു ടുവീലേഴ്സ് യൂസേഴ്സ് അസോഷിയേഷൻ ചൂണ്ടിക്കാട്ടുന്നു. എല്ലാ സർക്കാ ർ സ്ഥാപനങ്ങളിലും ജനങ്ങൾക്കു സമയബന്ധിതമായി വിവരങ്ങൾ ലഭ്യമാക്കാൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വേണമെന്നു നിയമമുണ്ടെങ്കിലും തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇങ്ങനെയൊരാളില്ല. വിവരാകാശ പ്രകാരമുള്ള ചോദ്യങ്ങൾക്കു മറുപടി ലഭിക്കുന്നില്ല.
നീതീകരിക്കാൻ കഴിയാത്ത നിരക്കുകൾ പിൻവലിക്കണമെന്നു അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ, ഗോപകുമാർ, സജി ആറ്റത്ര, പി.ആർ. ഹരിദാസ്, വിനോദ് മേമഠത്തിൽ, സെയ്തു മുഹമ്മദ്, മുരളി ഇളംകുറ്റിയാട്ട്, കെ. മോഹനൻ എന്നിവർ ആവശ്യപ്പെട്ടു.