പാന്പുകടിയേറ്റു കുഞ്ഞ് മരിച്ച സംഭവം ഡോക്ടർക്കെതിരേ നടപടിയില്ല; അന്വേഷിക്കാൻ നിർദേശം
1580258
Thursday, July 31, 2025 7:37 AM IST
മാള: മൂന്നുവയസുകാരി പാന്പുകടിയേറ്റു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരേ നടപടിയെടുക്കാത്ത സംഭവത്തിൽ അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യവകുപ്പ് ഡയറക്ടർക്കു നിർദേശം നൽകി.
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരേ അന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടും നടപടിക്കു മടിക്കുന്നെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് നൽകിയ പരാതിയിലാണു നടപടി.
2021 മാർച്ചിൽ ആലമറ്റം കാച്ചപ്പിള്ളിയിൽ ബിനോയ് - ലത ദന്പതികളുടെ മകൾ ആവ്റിനെ പാന്പുകടിയേറ്റു കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. സർജൻ ഡോ. ബി.എസ്. ശ്രീലേഖ ആന്റിവെനം നൽകുവാൻ മടിച്ചു. കുഞ്ഞു മരിച്ചതു വിവാദമായതോടെ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർക്കെതിരേ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
വർഷങ്ങൾ കഴിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഡോക്ടർക്കെതിരേ നടപടിയെടുത്തില്ല. ഇതു നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കു പരാതി നൽകിയത്.