കന്യാസ്ത്രീകളുടെ അറസ്റ്റ് : ഇരിങ്ങാലക്കുടയില്‍ പ്രതിഷേധമിരമ്പി
1580277
Thursday, July 31, 2025 7:37 AM IST
ഇരിങ്ങാലക്കുട: ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന് അവകാശപ്പെടുന്ന ഭാരതത്തില്‍ ഓരോ ഭാരതീയനും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടന വിഭാവനംചെയ്യുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍. ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധറാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഛത്തീസ്ഗഡില്‍ രണ്ടു മലയാളി സന്യാസിനിമാര്‍ക്കുനേരെ ബജ്രംഗ്ദള് വര്ഗീയതീവ്രവാദികള് ആള്ക്കൂട്ടവിചാരണനട ത്തിയിട്ടും സര്ക്കാര്സംവിധാനങ്ങള് ഉപയോഗിച്ച് അന്യായ അറസ്റ്റ് നടപ്പാക്കിയിട്ടും ഈ വിഷയത്തില്‍ ഭാരതസര്‍ക്കാരും ഛത്തീസ്ഗഡ് സര്‍ക്കാരും തുടരുന്ന സംശയകരമായ നിഷ്ക്രിയത്വം ഉപേക്ഷിക്കണം.
രാജ്യത്തിന്റെ ഭരണഘടനയെയും ഭാരതീയന്റെ പൗരാവകാശങ്ങളെയും സംരക്ഷിക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കാതെ തുടരുന്ന നിഷ്ക്രിയത്വം കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍സംവിധാനങ്ങളെ ഭയത്തോടുകൂടെ മാത്രമേ പൊതുജനത്തിനു പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗത്തിന് മനസിലാക്കാന്‍ കഴിയൂ.
വര്‍ഗീയതയെ ആയുധമാക്കി ഭരണഘടനാ വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ബജ്രംഗ്ദള് ഉള്‍പ്പടെയുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഭാരതത്തില്‍ നിരോധിക്കണം. ക്രൈസ്തവസമൂഹവും മിഷനറിമാരും ഈ ഭാരതമണ്ണിന് നല്കിയ വിലമതിക്കാനാകാത്ത നന്മകളെ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരിങ്ങാലക്കുട രൂപത മന്ദിരത്തില്‍ പ്രതിഷേധറാലി രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ ഫ്ലാഗ് ഓഫ് ചെയ്തു.
രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, സിആര്‍ഐ പ്രസിഡന്റ് ഫാ. ജോയ് വട്ടോളി, രൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ്് ഡേവിസ് ഊക്കന്‍, സിസ്റ്റര്‍ ധന്യ, സിസ്റ്റര്‍ അനറ്റ് മേരി എന്നിവര്‍ പ്രസംഗിച്ചു.
ബിഷപ്സ് ഹൗസില്‍നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയില്‍ സിസ്റ്റേഴ്സും വൈദികരും അത്മായരും ഉള്‍പ്പടെ ആയിരത്തിലധികംപേര്‍ പങ്കെടുത്തു. പ്രതിഷേധ മൗനറാലി നഗരം ചുറ്റി ഠാണാവിലൂടെ കത്തീഡ്രല്‍ പള്ളിയില്‍ സമാപിച്ചു.
വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. റാലിക്ക് കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറര്‍ ആന്റണി എല്‍. തൊമ്മാന, ഗ്ലോബല്‍ സെക്രട്ടറി പത്രോസ് വടക്കുംചേരി, പിആര്‍ഒ ഷോജന്‍ വിതയത്തില്‍, ടെല്‍സണ്‍ കോട്ടോളി, കത്തീഡ്രല്‍ യൂണിറ്റ് പ്രസിഡന്റ് സാബു കൂനന്‍, ജോസഫ് തെക്കൂടന്‍, റീന ഫ്രാന്‍സിസ്, സി.ഐ. പോള്‍, ഡേവിസ് തെക്കിനിയത്ത് എന്നിവര്‍ നേതൃത്വം നല്കി.