വിശുദ്ധ ഇഗ്നേഷ്യസ് ലയോള അനുസ്മരണം നടത്തി
1580243
Thursday, July 31, 2025 7:17 AM IST
തൃശൂർ: സിഎൽസിയുടെ ആധ്യാത്മിക ആചാര്യനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ അതിരൂപതാതല അനുസ്മരണം പഴുവിൽ ഫൊറോനയുടെ ആതിഥേയത്വത്തിൽ ചെവ്വൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ദേവാലയത്തിൽ നടന്നു. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനംചെയ്തു. അതിരൂപത പ്രസിഡന്റ് ജെറിൻ ജോസ് അധ്യക്ഷത വഹിച്ചു. വിവിധ ഇടവകകളിലെ എണ്ണൂറോളം യുവജനങ്ങൾ പങ്കെടുത്തു.
കഴിഞ്ഞ ഒരുവർഷക്കാലയളവിൽ ഗവൺമെന്റ് ജോലി നേടിയവരെയും മതബോധനത്തിൽ അതിരൂപതാതലത്തിൽ റാങ്ക് നേടിയവരെയും യുജി, പിജി റാങ്ക് ജേതാക്കളെയും എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെയും ആദരിച്ചു. പഴുവിൽ ഫൊറോന പ്രമോട്ടർ ഫാ. ജിയോ പള്ളിപ്പുറത്തുകാരൻ പതാക ഉയർത്തി. തുടർന്നു മരിയൻ റാലി ഉണ്ടായിരുന്നു. തൃശൂർ അതിരൂപത സിഎൽസി മരിയോത്സവം, സോക്കർ കപ്പ് എന്നിവയുടെ ലോഗോ പ്രകാശനവും നടന്നു. അടുത്ത വർഷത്തെ വിശുദ്ധ ഇഗ്നേഷ്യസ് ലയോള അനുസ്മരണപതാക ലൂർദ് ഫൊറോന സിഎൽസി ഏറ്റുവാങ്ങി.
തൃശൂർ അതിരൂപത സിഎൽസി പ്രമോട്ടർ ഫാ. ഫ്രജോ വാഴപ്പിള്ളി, ചെവ്വൂർ ഇടവകവികാരി ഫാ. പോളി നീലങ്കാവിൽ, അതിരൂപത സിഎൽസി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സന്തോഷ് അന്തിക്കാട്, അതിരൂപത സിഎൽസി സെക്രട്ടറി ഗ്ലോറിൻ ജോയ്, വൈസ് പ്രസിഡന്റ് മീട്ടു മനോജ്, കൺവീനർ അജിൻ ജോസ്, സീനിയർ സിഎൽസി സെക്രട്ടറി ഡെന്നസ് പല്ലിശേരി, ചെവ്വൂർ സിഎൽസി പ്രസിഡന്റ് സെബിൻ ഡെയ്സൺ, കൈക്കാരപ്രതിനിധി ജേക്കബ് എലുവത്തിങ്കൽ എന്നിവർ സന്നിഹിതരായിരുന്നു. കലാപരിപാടികളുമുണ്ടായിരുന്നു.