ക്രമക്കേട്: സെക്രട്ടറിക്കു സസ്പെന്ഷൻ
1580265
Thursday, July 31, 2025 7:37 AM IST
എരുമപ്പെട്ടി: കർഷകർക്ക് നൽകാനുള്ള പണം സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ച് ക്രമക്കേട് നടത്തിയ എരുമപ്പെട്ടി മങ്ങാട് ക്ഷീരവ്യവസായ സഹകരണ സംഘം സെക്രട്ടറി പി.എ. ജിജേഷിനെ സസ്പെൻഡ് ചെയ്തു.
കർഷകർക്ക് നൽകാനുള്ള തുക എത്രയും പെട്ടെന്ന് കൊടുത്തുതീർക്കുവാനും ജിജേഷ് തിരിമറി നടത്തിയ തുക ഇയാളിൽനിന്ന് ഈടാക്കുവാനുള്ള നിയമനടപടി സ്വീകരിക്കുവാനും ക്ഷീരസംഘം ഭരണസമിതി യോഗം തീരുമാനിച്ചതായി പ്രസിഡന്റ്് പി.സി. അബാൽ മണി അറിയിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് ഡയറി എക്സ്റ്റൻഷൻ ഓഫീസറുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.
സൊസൈറ്റിയിൽ പാൽ അളക്കുന്ന കർഷകർക്കു നൽകേണ്ട ലക്ഷക്കണക്കിന് രൂപയാണ് സെക്രട്ടറി സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി തിരിമറി നടത്തിയത്. പണം ലഭിക്കാത്തതിനെതുടർന്ന് കർഷകർ സംഘത്തിനുമുന്നിൽ പാൽ ഒഴിച്ച് പ്രതിഷേധിച്ചിരുന്നു.ഇതിനെതുടർന്ന് ചേർന്ന സഹകരണ സംഘത്തിന്റെ അടിയന്തരയോഗത്തിൽ കർഷകരുടെ പണം താനാണ് തിരിമറി ചെയ്തതെന്ന് സെക്രട്ടറിയായിരുന്ന പി.എ. ജിജേഷ് സമ്മതിക്കുകയും വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു.