ആയിരം കോടിയുടെ അബുദാബി മോഡൽ മാർക്കറ്റ്
1579869
Wednesday, July 30, 2025 1:48 AM IST
തൃശൂർ: നഗരത്തിന്റെ ആധുനികവത്കരണത്തിനു തുടക്കമാകുന്ന വലിയ പദ്ധതിയുമായി തൃശൂർ നഗരസഭ. അബുദാബി മോഡലിൽ തയാറാക്കപ്പെടുന്ന പുതിയ മാർക്കറ്റ് സമുച്ചയത്തിനു തറക്കല്ലിടൽ അധികം വൈകാതെ നടക്കുമെന്നു മേയർ എം.കെ. വർഗീസ് അറിയിച്ചു.
ആയിരം കോടിയിലധികം രൂപ ചെലവഴിച്ചാണ് മാർക്കറ്റ് സമുച്ചയം നിർമിക്കപ്പെടുന്നത്. നാലു നിലകളുള്ള കെട്ടിടത്തിൽ ഫിഷ് മാർക്കറ്റ്, പച്ചക്കറി, ഫലവിപണി, പുഷ്പ മാർക്കറ്റ് എന്നിവ സജ്ജമാക്കിയാണ് നവീനമായ രീതിയിൽ രൂപകല്പന ചെയ്തിരിക്കുന്ന മാർക്കറ്റ് ഒരുങ്ങുക.
പദ്ധതിയുടെ ഡിപിആർ തയാറാക്കുന്നത് എനാർക്ക് രാമകൃഷ്ണനാണെന്നു മേയർ പറഞ്ഞു.
മാസ്റ്റർ പ്ലാൻ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശനങ്ങൾ കോടതിയിൽ സമവായത്തിലേക്ക് എത്തിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുന്നേറ്റം. കിഫ്ബിയിലൂടെയാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്.
പുതിയ മാർക്കറ്റിന്റെ പ്രത്യേകതകൾ:
• അകത്തു കയറിയാൽ മാത്രമേ എല്ലാ ഭാഗങ്ങളിലും എത്താൻ കഴിയൂ.
• പുറമേനിന്ന് ഒന്നും കാണാൻ കഴിയില്ല.
• റോഡിലേക്കിറങ്ങിയ കച്ചവടങ്ങൾക്കു പരിഹാരമാകുന്നു.
• ജനങ്ങൾക്കു കൂടുതൽ സൗകര്യങ്ങളും സുരക്ഷയും.