വെള്ളിക്കുളങ്ങര - ചൊക്കന റോഡരിക് ഇടിഞ്ഞു
1579873
Wednesday, July 30, 2025 1:48 AM IST
വെള്ളിക്കുളങ്ങര: മലയോരത്തെ ചൊക്കന, നായാട്ടുകുണ്ട് പ്രദേശങ്ങളേയും കാരിക്കടവ് ആദിവാസി ഉന്നതിയെയും പുറംലോകവുമായി ബന്ധിപ്പിക്കുന്ന വെള്ളിക്കുളങ്ങര - ചൊക്കന റോഡില്‍ മണ്ണിടിഞ്ഞത് അപകടഭീഷണിയായി.
പത്തരക്കുണ്ട് ഭാഗത്താണ് റോഡിന്റെ ഒരുവശത്തുനിന്ന് മണ്ണിടിഞ്ഞു വലിയ ഗര്‍ത്തം രൂപപ്പെട്ടത്. ഈ ഭാഗത്ത് റോഡിന്റെ ഒരുവശത്ത് താഴ്ചയായതിനാല്‍ അപകട സാധ്യത കൂടുതലാണ്. ഇടിഞ്ഞഭാഗത്ത് കല്ലുകളും മരക്കൊമ്പുകളുംനാട്ടി അപകട മുന്നറിയിപ്പ് ഒരുക്കിയിട്ടുണ്ടെങ്കിലും ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍പറയുന്നു. സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന റോഡാണിത്. വരന്തരപ്പിള്ളി, മറ്റത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലപ്പിള്ളി-വെള്ളിക്കുളങ്ങര റോഡിന്റെ ഭാഗമാണ് ചൊക്കന - വെള്ളിക്കുളങ്ങര റോഡ്. നിര്‍ദിഷ്ട മലയോര ഹൈവേ നിര്മിക്കാനിരിക്കുന്നതും ഇതവഴിയാണ്. എത്രയും വേഗം റോഡില്‍ മണ്ണിടിച്ചിലുണ്ടായ രണ്ടിടങ്ങളിലും മതിയായ സുരക്ഷാസംവിധാനം ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്.