വിദ്യാർഥികൾ വായന ലഹരിയാക്കണം: മന്ത്രി
1579379
Monday, July 28, 2025 1:42 AM IST
മുളങ്കുന്നത്തുകാവ്: വിദ്യാർഥികൾ വായന ലഹരിയാക്കി മുന്നേറണമെന്നു മന്ത്രി വി.എൻ. വാസവൻ. വടക്കാഞ്ചേരി മണ്ഡലത്തിലെ വിദ്യാർഥിപ്രതിഭകളെ ആദരിക്കാൻ സംഘടിപ്പിച്ച ‘എംഎൽഎ ആദരം’ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വയലാറിന്റെ ശ്രീനാരായണഗുരു എന്ന കവിതയും മുരുകൻ കാട്ടാക്കടയുടെ ബാഗ്ദാദും കുമാരനാശാന്റെ കരുണയും, ചണ്ഡാലഭിക്ഷുകിയും ഉൾപ്പെടെയുള്ള കവിതകൾ ചൊല്ലി മന്ത്രി വിദ്യാർഥികളുമായി സംവദിച്ചു. സിലബസുകൾക്ക് അപ്പുറത്ത് അറിവിന്റെ ആഴങ്ങൾ മനസിലാക്കുന്ന വൈജ്ഞാനികത ഓരോരുത്തരും കണ്ടെത്തണം. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിൽ കാര്യക്ഷമമായ മാറ്റങ്ങൾ ഈ സർക്കാരിനു കൊണ്ടുവരാനായതായും മന്ത്രി പറഞ്ഞു.
തൃശൂർ മെഡിക്കൽ കോളജ് അലുമ്നി അക്കാദമിക് കോംപ്ലക്സിൽ നടന്ന പരിപാടിയിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ഉഷാദേവി, ടി.വി. സുനിൽകുമാർ, ലക്ഷ്മി വിശ്വംഭരൻ, സിമി അജിത് കുമാർ, തങ്കമണി ശങ്കുണ്ണി, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പങ്കെടുത്തു.