കലാകാരന്റെ സ്മരണയില്‍ വിതുമ്പി മന്ത്രി
1579364
Monday, July 28, 2025 1:42 AM IST
ഇരിങ്ങാലക്കുട: അസുഖബാധിതനായി വിടപറഞ്ഞ യുവ കഥകളിനടനും ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിലെ മുഖ്യ വേഷം അധ്യാപകനുമായിരുന്ന കലാനിലയം ഗോപിനാഥന്റെ സ്മരണയില്‍ വാക്കുകളിടറി മന്ത്രി ആര്. ബിന്ദു.
ഗോപിനാഥന്റെ ശിഷ്യർചേർന്ന് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച ‘ഗോപിനാഥം’ എന്ന അനുസ്മരണപരിപാടി ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗോപിനാഥന് കലാനിലയത്തിൽ പഠിക്കുന്ന കാലം മുതലുള്ള അനുഭവം മന്ത്രി പങ്കുവച്ചു. ഉണ്ണായിവാര്യർ സ്മാരക കലാനിലയം സെക്രട്ടറി സതിഷ് വിമലൻ അധ്യക്ഷനായിരുന്നു. കലാനിലയം രാജീവ് വരച്ച ഛായാചിത്രം മന്ത്രി അനാശ്ചാദനംചെയ്തു.
പ്രഥമ 'ഗോപിനാഥം' പുരസ്കാരം കലാമണ്ഡലം ശിബി ചക്രവർത്തിക്ക് കഥകളി ആചാര്യന് ഡോ. സദനം കൃഷ്ണൻകുട്ടി ചടങ്ങിൽ സമ്മാനിച്ചു. പ്രഫ. സാവിത്രി ലക്ഷമണൻ മുഖ്യാതിഥിയായി. കഥകളി നിരൂപകന് എം. മുരളിധരൻ അനുസ്മരണഭാഷണം നടത്തി.
നഗരസഭ കൗൺസിലർ ടി.വി. ചാർളി, കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് പ്രസിഡന്റ്് രമേശൻ നമ്പീശൻ, കേരള സംഗീതനാടക അക്കാദമി ഭരണസമിതി അംഗം അപ്പുക്കുട്ടൻ സ്വരലയം, കഥകളി സംഘാടകൻ അനിയൻ മംഗലശേരി, ആട്ടക്കഥാകൃത്ത് ടി. വേണുഗോപാൽ, കഥകളി ആർട്ടിസ്റ്റ് അസോസിയേഷൻ സെക്രട്ടറി കലാമണ്ഡലം മനേഷ് എം.പണിക്കർ, കലാമണ്ഡലം പ്രഷിജ ഗോപിനാഥൻ എന്നിവർ സംസാരിച്ചു. ക്ഷമ രാജയുടെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ സി. വിനോദ് കൃഷ്ണൻ സ്വാഗതവും കലാനിലയം മനോജ് നന്ദിയും പറഞ്ഞു. തുടർന്ന് കുചേലവൃത്തം കഥകളി അരങ്ങേറി.