ക്ഷീരകർഷകർക്ക് പണം കുടിശികയാകാൻ കാരണം താനാണെന്ന് സംഘം സെക്രട്ടറി
1579378
Monday, July 28, 2025 1:42 AM IST
എരുമപ്പെട്ടി: എരുമപ്പെട്ടി മങ്ങാട് ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ പാൽ നൽകുന്ന ക്ഷീര കർഷകർക്ക് പണം കുടിശികയാകാൻ കാരണം താൻ പണമെടുത്ത് ചിലവഴിച്ചതാണെന്ന് കാണിച്ച് സെക്രട്ടറി പി.എ. ജിജേഷ് വാർത്താക്കുറിപ്പ് നൽകി. പണം താൻ വകമാറ്റി ചെലവഴിച്ചതാണെന്നും സഹകരണ സംഘം ഭരണസമിതിക്കും പ്രസിഡന്റിനും ഇതിൽ പങ്കില്ലെന്നും സെക്രട്ടറി വാർത്താ കുറിപ്പിൽ അറിയിച്ചു.
കർഷകർക്ക് മൂന്നുമാസത്തെ പണമാണ് നൽകുവാനുള്ളത്. പലർക്കും 30,000 രൂപയോളം ലഭിക്കുവാനുണ്ട്. കുടിശിക ലഭിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഇന്നലെരാവിലെ ക്ഷീര സഹകരണ സംഘം ഓഫീസിനുമുന്നിൽ പാൽ ഒഴുക്കി കളഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് ഭരണ സമിതി അടിയന്തിര യോഗം ചേരുകയും സെക്രട്ടറിയോട് വിശദീകരണം ചോദിക്കുകയും ചെയ്തു. തുടർന്നാണ് പണം താൻ ചില വഴിച്ചതാണെന്ന് സെക്രട്ടറി ജിജേഷ് അറിയിച്ചത്.
ഏകദേശം നാല് ലക്ഷം രൂപയോളം തിരിമറി നടത്തിയതായാണ് ലഭിക്കുന്ന സൂചന. ക്രമക്കേട് നടത്തിയതിന് ജിജേഷിനെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്. കർഷകർക്ക് കുടിശികയായി ലഭിക്കുവാനുള്ള പണം താൻ നൽകുമെന്നാണ് ജിജേഷ് വാർത്താ കുറിപ്പിൽ പറയുന്നത്.