കന്യാസ്ത്രീകളെ തടവിലാക്കിയ സംഭവം; താക്കീതായി പ്രതിഷേധം
1579862
Wednesday, July 30, 2025 1:48 AM IST
തൃശൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ മതപരിവർത്തന കുറ്റമാരോപിച്ചു തടവിലാക്കിയ സംഭവത്തിൽ അതിരൂപതയുടെ പ്രതിഷേധം ഇരന്പി. പുത്തൻപള്ളിയിൽ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമിത്വത്തിൽ നടത്തിയ പ്രാർഥനായജ്ഞത്തിനുശേഷം കോർപറേഷൻ ഓഫീസിനു മുന്നിലേക്കു നടത്തിയ റാലിയിൽ നൂറുകണക്കിന് അൽമായർ പങ്കെടുത്തു. നിങ്ങളെ ആശുപത്രിയിലും സമൂഹത്തിന്റെ വിവിധ മേഖലകളിലും പരിചരിച്ച കന്യാസ്ത്രീകളിൽ ആരെങ്കിലും മതംമാറ്റത്തിനു നിർബന്ധിച്ചോ എന്ന ചോദ്യമുയർത്തിയായിരുന്നു പ്രതിഷേധം.
നൂറുകണക്കിനു കന്യാസ്ത്രീകളും വൈദികരും സ്ത്രീകളുമടക്കം പ്ലക്കാർഡുകളുമായി മാർച്ചിൽ അണിനിരന്നു. അക്രമം ഞങ്ങളുടെ മാർഗമല്ല, തിരുവസ്ത്രം ഞങ്ങളുടെ അഭിമാനം, മതേതരത്വം സംരക്ഷിക്കാൻ തൃശൂർ അതിരൂപത തുടങ്ങിയ പ്ലക്കാർഡുകളുമേന്തിയായിരുന്നു പ്രതിഷേധം. സമാധാനപരമായ മുദ്രാവാക്യങ്ങളായിരുന്നു പ്രതിഷേധറാലിയിലുടനീളം മുഴങ്ങിയത്.
അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, രാഷ്ട്രീയ സാമൂഹിക സംഘടനാ രംഗങ്ങളിലെ പ്രമുഖർ എന്നിവർ നേതൃത്വം നൽകി. വൈകീട്ടു 4.40നു പുത്തൻപള്ളിയിൽനിന്ന് ആരംഭിച്ച റാലി മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ രാജാവിന്റെ പ്രതിമയെ വലംവച്ച് കോർപറേഷൻ ഗേറ്റിനു മുന്നിൽ സമാപിച്ചു. വാഹനഗതാഗതത്തെ ബാധിക്കാത്ത വിധമായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.