പോർസ്യുങ്കുല പൂർണദണ്ഡവിമോചനദിനം എലിഞ്ഞിപ്ര പള്ളിയിൽ രണ്ടിന്
1580256
Thursday, July 31, 2025 7:37 AM IST
ചാലക്കുടി: വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ നാമേധയത്തിലുള്ള ഇരിങ്ങാലക്കുട രൂപതയിലെ ഏക ഇടവകദേവാലയമായ എലിഞ്ഞിപ്ര സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ പോർസ്യുങ്കുല പൂർണദണ്ഡവിമോചന ദിനം ഓഗസ്റ്റ് രണ്ടിന് ആചരിക്കും.
പൂർണദണ്ഡവിമോചനശുശ്രൂഷകൾക്കും ദിവ്യബലിക്കും വൈകീട്ട് ആറിന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും രാവിലെ എട്ടിന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടനും മുഖ്യകാർമികത്വം വഹിക്കും.
രാവിലെ ആറിന് സമൂഹബലി, വിശുദ്ധ ഫ്രാൻസീസ് അസിസിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠ എന്നീ തിരുക്കർമങ്ങൾക്ക് സെന്റ് തോമസ് കപ്പൂച്ചിൻ പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. ജെയ്സൻ കാളൻ കാർമികത്വം വഹിക്കും. രാവിലെ ആറുമുതൽ രാത്രി 10 വരെ ദിവ്യകാരുണ്യ ആരാധന, കുമ്പസാരം, തിരുശേഷിപ്പ് വണക്കം, ഫ്രാൻസിസ്കൻ എക്സിബിഷൻ, നേർച്ചക്കഞ്ഞി എന്നിവ ഉണ്ടായിരിക്കും.
വികാരി ഫാ. ജെയ്ൻ തെക്കേക്കുന്നേൽ, ജനറൽ കൺവീനർ അനൂപ് വർഗീസ് ചൊവ്വരക്കാരൻ, ട്രസ്റ്റി ഡേവിസ് കിഴക്കൂടൻ, ഷാജു വല്ലത്തുകാരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.