പിറകോട്ടോടിയ കാർ തോട്ടിൽവീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
1579594
Tuesday, July 29, 2025 1:38 AM IST
കാഞ്ഞാണി: തൃശൂർ - വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവിൽ പെരുമ്പുഴ പാടശേഖരത്തിന് സമീപം നിയന്ത്രണംവിട്ട കാർ പിറകോട്ടോടി തോട്ടിലേക്കു വീണു. ഇതുവഴി വന്നിരുന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷമാണ് കാർ വെള്ളം നിറഞ്ഞുകിടന്ന തോ ട്ടിലേക്കു വീണത്.
ഇന്നലെ രാവിലെ എട്ടരയ്ക്കാണ് സംഭവം. തൃശൂരിലുള്ള യൂണിയൻ ബാങ്കിലെ ഉദ്യോഗസ്ഥൻ എസ്.എൻ. പുരം സ്വദേശി കോഴിശേരി വീട്ടിൽ അജിത്ത്കുമാറാണ് കാർ ഓടിച്ചിരുന്നത്. ഇദ്ദേഹം ബാങ്കിലേക്കു പോകുകയായിരുന്നു. കാറിന്റെ ചില്ലിൽ കിളികൾ കാഷ്ഠിച്ചതു തുടച്ചുമാറ്റാൻ ആണ് അജിത്കുമാർ കാർ റോഡിന് ഒരുവശത്ത് ഒതുക്കിനിർത്തിയത്.
ചില്ല് വൃത്തിയാക്കിയശേഷം കാറിൽ തിരികെ കയറിയ ഇദ്ദേഹം, ഓട്ടോമാറ്റിക് ഡ്രൈവിംഗ് സംവിധാനമുള്ള കാറിൽ അബദ്ധത്തിൽ റിവേഴ്സ് മോഡ് ഇട്ട് ആക്സിലേറ്ററിൽ കാൽ കൊടുത്തു. മുന്നോട്ടു പോകേണ്ടതിനുപകരം അതിവേഗത്തിൽ പുറകോട്ടുനീങ്ങിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വട്ടം കറങ്ങി അതുവഴി വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം സമീപത്തുള്ള വെള്ളം നിറഞ്ഞുകിടക്കുന്ന തോട്ടിലേക്കു മറിയുകയായിരുന്നു.
അജിത് കുമാറിനെ നാട്ടുകാർ ചേർന്ന് കാറിന് പുറത്തെത്തിച്ചു. അദ്ദേഹം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.