ഒരു വശത്തു പ്രീണനം, മറുവശത്തു വേട്ട: ആർജെഡി
1579866
Wednesday, July 30, 2025 1:48 AM IST
തൃശൂർ: കേരളത്തിൽ അരമനകൾ കേറി പ്രീണിപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ സംസ്ഥാനത്തിനുപുറത്ത് സന്യസ്തർക്കും മിഷനറിമാർക്കും സംഘപരിവാർ കുറ്റപത്രം നല്കിവരികയാണെന്നു രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി പറഞ്ഞു.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ആർജെഡി സാഹിത്യ അക്കാദമിക്കു മുമ്പിൽ നടത്തിയ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കു മതവസ്ത്രം ധരിച്ചു പുറത്തിറങ്ങാൻ കഴിയാതായി. മണിപ്പുരിൽനിന്നും സ്റ്റാൻസ്വാമിയുടെയും സിസ്റ്റർ റാണിമരിയയുടെയും രക്തസാക്ഷിത്വത്തിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ ക്രൈസ്തവസഭയ്ക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കൂട്ടായ്മയിൽ ജില്ലാ പ്രസിഡന്റ് ജെയ്സൺ മാണി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സി. വർഗീസ്, ജോർജ് കെ. തോമസ്, വിൻസന്റ് പുത്തൂർ, കാവ്യ പ്രദീപ്, പി.ഐ. സൈമൺ, ജോർജ് കെ. തോമസ്, മോഹനൻ അന്തിക്കാട്, സി.എം. ഷാജി, ബിജു ആട്ടോർ, ആന്റോ ഇമ്മട്ടി, ടി.പി. കേശവൻ, സാബു അമ്മനത്ത്, എൻ.വൈ. സിദ്ധിഖ്, കല പി. രാജീവ്, ഷാനി കയ്പമംഗലം എന്നിവർ പ്രസംഗിച്ചു.