മേലൂരിലും പൊയ്യയിലും കിണർ ഇടിഞ്ഞുതാണു
1579226
Sunday, July 27, 2025 7:25 AM IST
മേലൂർ: ഗ്രാമപഞ്ചായത്തിലെ ശാന്തിപുരം വാർഡിൽ നെറ്റിക്കാടൻ ജോസ് തങ്കമ്മയുടെ വീട്ടുപറമ്പിലെ കാർഷിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്ന കിണർ ഇടിഞ്ഞുതാണു. കിണറിനോടു ചേർന്ന മോട്ടോർ ഷെഡും പമ്പുസെറ്റും കിണറിലേക്ക് പതിച്ചു. ഇന്നലെ രാവിലെ പറമ്പിലെത്തിയ തൊഴിലാളിയാണ് കിണർ ഇടിഞ്ഞത് ആദ്യമായി കണ്ടത്.
ഏറെ പഴക്കമുള്ള കിണർ വർഷങ്ങളായി കാർഷിക ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചിരുന്നത്. കാർഷിക പ്രദേശമായ ശാന്തിപുരത്ത് ഒരാഴ്ച മുമ്പ് അയൽപക്കമായ നെറ്റിക്കാടൻ തോമസ് ജോസ്മോന്റെ വീട്ടുപറമ്പിലെ കുടിവെള്ള ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വന്നിരുന്ന കിണറും ഇടിഞ്ഞുതാഴ്ന്നിരുന്നു.
മാള: അഞ്ചു കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന കിണർ ഇടിഞ്ഞു താഴ്ന്നു. പൊയ്യ വില്ലേജ് പരിധിയിൽ മൂന്നാം വാർഡിൽ അനുഗ്രഹം വർക്ക് ഷോപ്പ് പരിസരത്ത് താമസിക്കുന്ന വെളുത്ത കടവുകാരൻ ഐഷാബി യൂസഫിന്റെ വീടിനോട് ചേർന്നുള്ള കിണർ ആണ് ഇന്നലെ ഉച്ചയ്ക്ക് ഇടിഞ്ഞു താഴ്ന്നത്. സമീപത്തുള്ള ടൈൽ പതിച്ച പഞ്ചായത്ത് റോഡും ഭാഗികമായി താഴ്ന്നിട്ടുണ്ട്. ആളപായമോ കെട്ടിടങ്ങൾക്ക് നാശനഷ്ടമോ ഇല്ല.