മഴ കുറയുന്പോൾ നിർമാണപ്രവൃത്തികൾ ദ്രുതഗതിയിൽ തീർക്കണം: കളക്ടർ
1579236
Sunday, July 27, 2025 7:25 AM IST
തൃശൂർ: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഡാമുകൾ തുറക്കുന്ന സാഹചര്യത്തിലും മണ്ണിടിച്ചിൽപോലുള്ള കാര്യങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വകുപ്പുകൾക്കു നിർദേശം നൽകി. കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴമൂലം നിർത്തിവച്ച നിർമാണപ്രവൃത്തികൾ മഴ കുറയുന്നതിനനുസരിച്ചു ദ്രുതഗതിയിൽ തീർക്കണം. മഴക്കാലത്തു ബസുകൾ സ്റ്റോപ്പുകളിൽ നിർത്താതെയും വിദ്യാർഥികളെ കയറ്റാതെയും പോകുന്നതു സംബന്ധിച്ച് ഒരുപാട് പരാതികൾ ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പരിഹാരനടപടികൾ സ്വീകരിക്കണമെന്ന് ആർടിഒയ്ക്കു യോഗം നിർദേശം നൽകി. നവകേരളസദസുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സമയബന്ധിതമായി നടപ്പിലാക്കേണ്ടതാണെന്നും നിർദേശിച്ചു.
മെഡിക്കൽ കോളജിലേക്കു രാത്രികാലങ്ങളിൽ ബസ് സൗകര്യം കുറവാണെന്നത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് അരമണിക്കൂർ ഇടവിട്ട സർവീസ് നടത്താമെന്ന് ആർടിഒയുടെ ചേംബറിൽ നടത്തിയ മീറ്റിംഗിൽ ബസുടമകൾ സമ്മതിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ആർടിഎ ബോർഡ് മീറ്റിംഗിൽ തൃശൂർ - മുണ്ടൂർ - മെഡിക്കൽ കോളജ് റൂട്ടിൽ ബസ് ഓടുന്നതിനു നടപടിയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് ആരംഭിച്ച യോഗത്തിൽ എംഎൽഎമാരായ കെ.കെ. രാമചന്ദ്രൻ, എൻ.കെ. അക്ബർ, യു.ആർ. പ്രദീപ്, സേവ്യർ ചിറ്റിലപ്പിള്ളി എന്നിവരും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, ബെന്നി ബെഹനാൻ എംപി എന്നിവരുടെ പ്രതിനിധികളും ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.വി. ഷാജു, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.